അന്തർസംസ്​ഥാന തൊഴിലാളികൾക്ക്​ സൗജന്യ യാത്രയും ഭക്ഷണവുമൊരുക്കി ആ​ന്ധ്രപ്രദേശ്​

ഹൈദരാബാദ്​: കോവിഡ്​ വ്യാപനത്തെത്തുടർന്ന്​ ഏ​ർപെടുത്തിയ ലോക്​ഡൗണിനെത്തുടർന്ന്​ കാൽനടയായി സ്വന്തം നാടുകളിലേക്ക്​ മടങ്ങുന്ന അന്തർസംസ്​ഥാന തൊഴിലാളികൾക്ക്​ സൗജന്യ യാത്രയും ഭക്ഷണവും നൽകാൻ ഉത്തരവിട്ട്​​ ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി വൈ.എസ്​. ജഗൻമോഹൻ റെഡ്ഡി. 

ഞായറാഴ്​ച ചേർന്ന ഔദ്യോഗിക അവലോകന യോഗത്തിലാണ്​ ഒരു അന്തർസംസ്​ഥാന തൊഴിലാളി പോലും സ്വന്തം നാട്ടിലേക്ക്​ കാൽനടയായി മടങ്ങുന്ന അവസ്​ഥയുണ്ടാകരുതെന്ന്​ ജഗൻ നിർദേശിച്ചത്​. ഒഡീഷ ഭാഗത്ത്​ നിന്ന്​ ആന്ധ്രയിലൂടെ സ്വന്തം നാട്ടിലേക്ക്​ മടങ്ങുന്നവർക്കായി സംസ്​ഥാന അതിർത്തി വരെ ബസ്​ സർവിസ്​ ഏർപെടുത്താനും ഭക്ഷണം നൽകാനുമാണ്​ തീരുമാനം. 

മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം വിവിധ ഹൈവേകളിൽ ബസുകൾ തയാറാക്കി നിർത്തിയതായി പ്രിൻസിപ്പൽ സെക്രട്ടറി എം.ടി. കൃഷ്​ണ ബാബു പറഞ്ഞു. അന്തർ സംസ്​ഥാന ചെക്ക്​പോസ്​റ്റുകൾക്കരികെ 79 ഭക്ഷണ കൗണ്ടറുകളും തയാറാക്കിയിട്ടുണ്ട്​. ആന്ധ്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക്​ സൗജന്യമായാണ്​ സേവനം. മറ്റ്​ സംസ്​ഥാനങ്ങളിൽ നിന്നും ശ്രമിക്​ ട്രെയിനുകളിൽ മടങ്ങുന്നവർക്ക്​ റെയിൽവേ സ്​റ്റേഷനുകൾ വരെ യാത്ര സൗജന്യമായിരിക്കും. 

ശ്രീകാകുളം, ഓൻഗോൾ മേഖലയിൽ നിന്നുള്ള 902 തൊഴിലാളികൾക്ക്​ ശനിയാഴ്​ച ഈ സൗകര്യങ്ങൾ ഒരുക്കിയതായി ഉദ്യോഗസ്​ഥർ മുഖ്യമന്ത്രിയെ അറിയിച്ചു. ഞായറാഴ്​ച ഗുണ്ടൂരിൽ നിന്നും 450 പേരെയും കൃഷ്​ണ ജില്ലയിൽ നിന്ന്​ 52പേരെയും സ്വന്തം നാടുകളിലെത്തിച്ചു.


 

Tags:    
News Summary - Jagan Reddy orders free food, transport for migrants returning home- india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.