ന്യൂഡൽഹി: ജാഫറാബാദിൽ പൗരത്വ നിയമത്തിനെതിരായി സ്ത്രീകളുടെ ശാഹീൻ ബാഗ് മോഡൽ സമരം തുടരുന്നു. ജാഫറാബാദ്, ബാബർ പൂർ-മൗജ്പൂർ മെട്രോ സ്റ്റേഷനുകൾ ഇന്നും തുറക്കില്ല. സ്ഥലത്ത് ഡൽഹി പൊലീസും സി.ആർ.പി.എഫും ക്യാമ്പ് ചെയ്യുകയ ാണ്. കഴിഞ്ഞ ദിവസം സമരക്കാർക്കുനേരെ ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിൽ സി.എ.എ അനുകൂലികൾ അക്രമാസക്തരായി എത്തിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. മൗജ്പൂരിൽ പൗരത്വ നിയമാനുകൂലികളും തമ്പടിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം ഇനിയൊരു ശാഹീൻബാഗ് അനുവദിക്കില്ല എന്ന് പറഞ്ഞ് കപിൽ മിശ്രയുടെ നേതൃത്വത്തിലാണ് ജനക്കൂട്ടെമത്തിയത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായെത്തിയ ഇവർ സമരക്കാർക്കു നേരെ കല്ലേറ് നടത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത്. പരസ്പരം കല്ലേറ് ആരംഭിച്ചതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ജാഫറാബാദ് മെട്രോ സ്റ്റേഷനിൽനിന്ന് ഒരു കിലോമീറ്റർ അകലെ ബാബർപൂർ-മൗജ്പുർ മെട്രോ സ്റ്റേഷനടുത്തായിരുന്നു സംഘർഷം.
ജാഫറാബാദിലെ സ്ത്രീകൾ പിഞ്ച്റ തോഡിന്റെ ആഭിമുഖ്യത്തിൽ ദിവസങ്ങളായി ഇവിടെ പൗരത്വ നിയമത്തിനെതിരെ സമരം നടത്തുന്നുണ്ട്. ഞായറാഴ്ച ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ച ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശനിയാഴ്ച രാത്രി സമരം റോഡ് ഉപരോധമാക്കി മാറ്റി. ബന്ദിന് പിന്തുണയുമായി രാജ്ഘട്ടിലേക്ക് മാർച്ച് നടത്താൻ പദ്ധതിയിട്ടെങ്കിലും പൊലീസ് തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.