ന്യൂഡൽഹി: ഫ്രാൻസിൽനിന്ന് റാഫേൽ വിമാനങ്ങൾ വാങ്ങിയ മാതൃകയിൽ അമേരിക്കയിൽനിന്ന് യുദ്ധ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ. എഫ്-35 യുദ്ധ വിമാനങ്ങൾ വാങ്ങാനാണ് അമേരിക്കയുമായി കരാറിലേർപ്പെടാൻ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. പ്രസിഡന്റ് ട്രംപുമായുള്ള പ്രധാനമന്ത്രി മോദിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ നീക്കങ്ങൾ.
വിമാനങ്ങൾ വാങ്ങുന്നതിനൊപ്പം അറ്റകുറ്റപ്പണികൾക്ക് ചെലവ് കൂടുതലായതിനാൽ പരിമിത എണ്ണം വിമാനങ്ങളാവും ഇന്ത്യ വാങ്ങുക. നിലവിൽ വ്യോമസേനയുടെ ഭാഗമായ റാഫേൽ വിമാനങ്ങളുടെ എണ്ണത്തിന് തുല്യമായിരിക്കും ഇത്. 36 റാഫേൽ വിമാനങ്ങളാണ് വ്യോമസേനയിലിപ്പോൾ ഉള്ളത്.
യുദ്ധ വിമാനങ്ങളുടെ ഡെലിവറിയും വിലയും യു.എസ് സേനയ്ക്ക് സമാനമായിരിക്കും. റാഫേൽ വിമാനങ്ങളിൽ നിന്ന് വ്യത്യസ്തമായി എഫ്-35 അമേരിക്കയുടെ നിരീക്ഷണ പ്രോട്ടോക്കോളിന് വിധേയമായിരിക്കും. റഷ്യപോലുള്ള മറ്റ് രാജ്യങ്ങൾ ജെറ്റുകൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിൻറെ ഭാഗമായി അമേരിക്കയുടെ നിരന്തര നിരീക്ഷണ വലയത്തിലായിരിക്കും വിമാനങ്ങൾ.
അഞ്ചാം തലമുറ ജെറ്റുകൾ ഇന്ത്യക്ക് നൽകുന്നതിനെ പെന്റഗൺ എതിർത്തതിനു പിന്നിൽ റഷ്യൻ നിർമിത വ്യോമ പ്രതിരോധ സംവിധാനമായ എസ്400െന്‍റ സാന്നിധ്യമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. റഷ്യൻ വ്യോമസേനയെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലാണ് അമേരിക്ക ജെറ്റുകൾക്ക് രൂപകൽപന നൽകിയിരിക്കുന്നത്. നിലവിൽ ഈ രണ്ട് രാജ്യങ്ങളുടെയും യുദ്ധ വിമാനങ്ങളെ വേർതിരിക്കുന്നതിന് എന്ത് സുരക്ഷാ നടപടികളാണ് ഇന്ത്യ സ്വീകരിക്കാൻ പോകുന്നതെന്ന് വ്യക്തമല്ല.
2036 ആകുമ്പോഴേക്കും ഇന്ത്യ സ്വന്തമായി യുദ്ധവിമാനം വികസിപ്പിക്കും. കൂടാതെ എഫ്-35 ഒരു താൽക്കാലിക സംവിധാനമായി അവതരിപ്പിക്കാനും സാധ്യതയുണ്ട്. ഇരട്ട എൻജിൻ ഡെക്ക് അധിഷ്ഠിത യുദ്ധവിമാനങ്ങൾ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്നതുവരെ ഒരു മറൈൻ എയർക്രാഫ്റ്റ് താൽകാലികമായി ഫ്രാൻസിൽ നിന്ന് വാങ്ങാനുള്ള ആലോചനയും ഇന്ത്യക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.