തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്
ഡി.എം.കെക്കെതിരെ അഴിമതി ആരോപണവുമായി വിജയ്; നിയമസഭയിൽ വൻ പ്രതിഷേധം
ചെന്നൈ: മുൻ ഡി.എം.കെ സർക്കാറിന്റെ കാലത്ത് സർക്കാർ കരാറുകളുടെ മറവിൽ ‘പാർട്ടി ഫണ്ട്’ എന്ന പേരിൽ അഴിമതി നടന്നെന്ന ഗുരുതര ആരോപണവുമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രേഖകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി നിയമസഭയിൽ ആരോപണങ്ങൾ ഉന്നയിച്ചത്. ഇതേ തുടർന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും ഉണ്ടായി.
മുനിസിപ്പൽ ഭരണ-ജലവിതരണ വകുപ്പിലെ സർക്കാർ കരാറുകാരിൽ നിന്ന് കരാർ തുകയുടെ 7.5 മുതൽ 10 ശതമാനം വരെ ‘പാർട്ടി ഫണ്ട്’ എന്ന പേരിൽ പിരിച്ചെടുത്തതായി ഇ.ഡി രേഖകളിൽ പറയുന്നുണ്ടെന്നും തുക പല ഗഡുക്കളായി പിരിച്ചെടുത്തതായും അദ്ദേഹം ആരോപിച്ചു. ഇതിന്റെ നേരിട്ടുള്ള ഗുണഭോക്താക്കളായി മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, അന്നത്തെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവരെയും മറ്റു ചിലരെയും ഇ.ഡി രേഖകൾ പരാമർശിക്കുന്നതായി വിജയ് സഭയിൽ പറഞ്ഞു.
ടാസ്മാക് അഴിമതിയുമായി ബന്ധപ്പെട്ട് ഇ.ഡി പരാമർശിച്ച ‘കരൂർ ഗ്യാങ്’ വിഷയവും വിജയ് സഭയിൽ ഉന്നയിച്ചു. മുൻ എക്സൈസ് മന്ത്രി വി. സെന്തിൽ ബാലാജിയും അനുയായികളും വിവിധ ടാസ്മാക് കടകളിൽനിന്നും ബാർ ഉടമകളിൽ നിന്നും പണം പിരിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. ക്രമക്കേടുകൾ സംഘടിതമായ രീതിയിലാണ് നടന്നതെന്നും ഇതിനെ ‘ശാസ്ത്രീയ അഴിമതി’യെന്നും വിജയ് വിശേഷിപ്പിച്ചു.
വെറും രണ്ട് വകുപ്പുകളിലെ ഫയലുകൾ പരിശോധിച്ചപ്പോൾ തന്നെ ഇത്രയധികം കാര്യങ്ങൾ പുറത്തുവന്നെങ്കിൽ കൂടുതൽ രേഖകൾ പരിശോധിച്ചാൽ എന്തായിരിക്കും സ്ഥിതി. മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഭരണകാലത്തെ ആരോപണങ്ങളും വിജയ് പരാമർശിച്ചു. സർക്കാരിയ കമീഷൻ റിപ്പോർട്ടിൽ ‘വീരാണം’ ജലവിതരണ പദ്ധതിയുമായി ബന്ധപ്പെട്ട ടെൻഡറിൽ 2.5 ശതമാനം ‘പാർട്ടി ഫണ്ട്’ ആവശ്യപ്പെട്ടെന്ന ആരോപണം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ആരോപണങ്ങളോട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ അംഗങ്ങൾ ശക്തമായി പ്രതിഷേധിച്ചു. അംഗങ്ങൾ സ്പീക്കർ ജെ.സി.ഡി പ്രഭാകറിന്റെ പോഡിയത്തിന് സമീപമെത്തി മുദ്രാവാക്യം വിളിക്കുകയും സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങുകയും ചെയ്തു. പിന്നീട് ഡി.എം.കെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
സഭക്ക് പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ഉദയനിധി സ്റ്റാലിൻ വിമർശിച്ചു. നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ക്രമസമാധാനവുമായി ബന്ധപ്പെട്ട 15 ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി വിഷയം വഴിതിരിച്ചുവിട്ടെന്നും ‘സിനിമാ ശൈലിയിൽ’ പ്രസംഗിച്ചെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ ഖനന കരാറുകളിൽ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ളവരാണ് നിയന്ത്രിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.