കൃഷ്ണഭക്ത സംഘടനയായ ‘ഇസ്‌കോൺ’ കൊടുംചതിയന്മാർ, ഗോശാലകളിലെ പശുക്കളെ കശാപ്പുകാർക്ക് വിൽക്കുന്നു -മനേക ഗാന്ധി

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ കൃഷ്ണ ഭക്ത സംഘടനയായ ഇസ്‌കോൺ (ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ്) കൊടുംവഞ്ചകരാണെന്നും ഗോശാലകളിലെ (പശു സംരക്ഷണ കേന്ദ്രം) പശുക്കളെ കശാപ്പുകാർക്ക് വിൽക്കുകയാണ് അവരുടെ രീതിയെന്നും ബി.ജെ.പി നേതാവും എംപിയുമായ മനേക ഗാന്ധി. മുൻ കേന്ദ്രമന്ത്രിയും മൃഗാവകാശ പ്രവർത്തകയുമായ മനേക ഗുരുതര ആരോപണങ്ങളാണ് ഇസ്കോണിനെതിരെ ഉന്നയിക്കുന്നത്.

"ഇസ്‌കോൺ രാജ്യത്തെ ഏറ്റവും വലിയ ചതിയൻമാരാണ്. അവർ ഗോശാലകൾ പരിപാലിക്കുന്നുവെന്ന പേരിൽ ധാരാളം സ്ഥലങ്ങൾ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ സർക്കാരിൽ നിന്ന് നേടിയെടുത്തശേഷം പശുക്കളെ കശാപ്പുകാർക്ക് വിൽക്കുകയാണ് ചെയ്യുന്നത്. ആന്ധ്രാപ്രദേശിലെ ഇസ്‌കോണിന്റെ അനന്ത്പൂർ ഗോശാല സന്ദർശിച്ചപ്പോൾ അവിടെ കറവവറ്റിയ ഒരു പശുവോ പശുക്കിടാവോ പോലും ഉണ്ടായിരുന്നില്ല. അതിനർത്ഥം എല്ലാത്തിനെയും വിറ്റഴിച്ചു എന്നാണ്. ഇസ്‌കോൺ അവരുടെ ഗോശാലകളിലെ പശുക്കളെയെല്ലാം കശാപ്പുകാർക്ക് വിൽക്കുന്നു. അവർ ചെയ്യുന്നതുപോലെ രാജ്യത്ത് മറ്റാരും അങ്ങനെ ചെയ്യുന്നില്ല. അവർ റോഡുകളിൽ 'ഹരേ റാം ഹരേ കൃഷ്ണ' പാടി പോകും. എന്നിട്ട് അവർ പറയും അവരുടെ ജീവിതം മുഴുവൻ പാലിനെ ആശ്രയിച്ചിരിക്കുന്നുവെന്ന്" -മനേക ഗാന്ധി പറഞ്ഞു.

എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇസ്‌കോൺ ദേശീയ വക്താവ് യുധിഷ്ഠിർ ഗോവിന്ദ ദാസ് പറഞ്ഞു. ‘ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ പശുക്കളുടെയും കാളകളുടെയും സംരക്ഷണത്തിൽ തങ്ങളുടെ മതസംഘടന മുൻപന്തിയിലാണ്. പശുക്കളെയും കാളകളെയും സേവിക്കുന്നവരാണ് ഞങ്ങൾ. മനേക ആരോപിക്കുന്നത് പോലെ കശാപ്പുകാർക്ക് വിൽക്കാറില്ല’ -അദ്ദേഹം പറഞ്ഞു.


ഗോമാംസം പ്രധാന ഭക്ഷണമായ ലോകത്തിന്റെ പല ഭാഗങ്ങളിലും തങ്ങൾ പശു സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ടെന്ന് ഇസ്‌കോൺ പ്രസ്താവനയിൽ പറഞ്ഞു. "മനേക ഗാന്ധി അറിയപ്പെടുന്ന മൃഗാവകാശ പ്രവർത്തകയും ഇസ്‌കോണിന്റെ അഭ്യുദയകാംക്ഷിയുമാണ്. അതിനാൽ ഈ പ്രസ്താവനകൾ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു" -പ്രസ്താവനയിൽ പറഞ്ഞു. ഹരേ കൃഷ്ണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഇസ്‌കോണിന് ലോകമെമ്പാടും നൂറുകണക്കിന് ക്ഷേത്രങ്ങളും ദശലക്ഷക്കണക്കിന് അനുയായികളുമുണ്ട്. 


Tags:    
News Summary - "ISKCON Biggest Cheat, Sells Cows To Butchers": BJP MP Maneka Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.