ബിൽക്കീസ് ബാനു കേസിൽ മാധ്യമങ്ങൾക്ക് മൗനമോ?

ന്യൂഡൽഹി: കൂട്ട ബലാത്സംഗത്തിനും കൂട്ടക്കൊലക്കും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികളെ ഗുജറാത്ത് ജയിലിൽ നിന്ന് ശിക്ഷ ഇളവ് നൽകി വിട്ടയച്ച സംഭവത്തിൽ ഒരു വിഭാഗം മാധ്യമങ്ങളും പൗരസമൂഹവും പുലർത്തുന്ന മൗനം ചോദ്യം ചെയ്യപ്പെടുന്നു.

ഇത്തരമൊരു നിശ്ശബ്ദതയിൽ കോൺഗ്രസ് നടുക്കം പ്രകടിപ്പിച്ചു. മാധ്യമ ലോകത്തിനും സമൂഹത്തിനും ഗുരുതര വിഷയത്തിൽ എങ്ങനെ മൗനം പാലിക്കാൻ കഴിയുന്നുവെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര വാർത്തസമ്മേളനത്തിൽ ചോദിച്ചു. ഈ ചോദ്യം ഇപ്പോൾ പരസ്പരം ചോദിച്ചില്ലെങ്കിൽ രാജ്യത്തിന് അത് അപമാനം ഉണ്ടാക്കും. പക്ഷപാതം നിറഞ്ഞ മൗനം ലോകം കാണുന്നുണ്ട്.

ഡൽഹിയിൽ നിർഭയ സംഭവമുണ്ടായപ്പോൾ ബലാത്സംഗ കുറ്റവാളികൾക്കെതിരെ കർക്കശ നിയമം കൊണ്ടുവരാൻ സർക്കാർ നിർബന്ധിതമായി. അത്തരത്തിൽ രാജ്യത്ത് പൊതുവികാരം ഉയർന്നു വന്നു.

എന്നാൽ ഇപ്പോൾ വലിയൊരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷ പാർട്ടികൾ തന്നെയും പുലർത്തുന്ന മൗനം അപമാനകരമാണ്. ഈ മൗനം ചോദ്യം ചെയ്യപ്പെട്ടില്ലെങ്കിൽ രാജ്യത്തിന് ഭാവിയുണ്ടാവില്ല.

കുറ്റവാളികളെ ജയിലിൽ നിന്ന് ഇറക്കി വിട്ടത് സുപ്രീംകോടതി നിർദേശ പ്രകാരമാണെന്ന വ്യാഖ്യാനങ്ങളെയും കോൺഗ്രസ് ചോദ്യം ചെയ്തു. ശിക്ഷ ഇളവ് വേണമെന്ന ഒരു കുറ്റവാളിയുടെ അപേക്ഷയിൽ മൂന്നു മാസത്തിനകം തീരുമാനമെടുക്കാൻ മാത്രമാണ് സുപ്രീംകോടതി പറഞ്ഞത്. ശിക്ഷ ഇളവ് നൽകാൻ കോടതി പറഞ്ഞിട്ടില്ല. 1992ലെ നയം അടിസ്ഥാനപ്പെടുത്തിയാണ് ശിക്ഷ ഇളവ് അനുവദിച്ചതെന്ന് ഗുജറാത്ത് സർക്കാർ വിശദീകരിക്കുന്നുണ്ട്. അതേക്കുറിച്ച് സുപ്രീംകോടതിയെ അറിയിച്ചിട്ടില്ല. ആ നയം എന്താണെന്നു തന്നെ ആർക്കും അറിയില്ല. അത് വിവരാവകാശ നിയമപ്രകാരം ലഭ്യമല്ല. ഗുജറാത്ത് സർക്കാർ വെബ്സൈറ്റിലും ഇല്ല. 1992ലേതെന്ന് പറയുന്ന നയം റദ്ദാക്കപ്പെട്ടതാണ്. 2013 മേയ് എട്ടിന് ഇതുസംബന്ധിച്ച ഉത്തരവ് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയാണ് ഇറക്കിയത്.

സംസ്ഥാന പൊലീസല്ല, കേന്ദ്ര ഏജൻസിയായ സി.ബി.ഐയാണ് ബിൽക്കീസ് ബാനു കേസ് അന്വേഷിച്ച് കുറ്റപത്രം കോടതിക്ക് നൽകിയതെന്നിരിക്കേ, ശിക്ഷ കാലാവധി ഇളവിന് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാറിന്റെ മുൻകൂർ അനുമതി തേടേണ്ടതുണ്ട്.

സംസ്ഥാന സർക്കാർ ഇത്തരത്തിൽ അനുമതി തേടിയിട്ടുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണം. അതനുസരിച്ച് കേന്ദ്രസർക്കാർ അനുമതി നൽകിയതാണെങ്കിൽ, പ്രധാനമന്ത്രി നടത്തുന്ന സ്ത്രീശാക്തീകരണ വായ്ത്താരിയുടെ പൊള്ളത്തരം എത്രയെന്ന് ജനങ്ങൾ തിരിച്ചറിയും.

അനുമതി തേടിയിട്ടില്ലെങ്കിൽ, കേന്ദ്രനയത്തിന് വിരുദ്ധമായി പ്രവർത്തിച്ച ഗുജറാത്തിലെ ബി.ജെ.പി സർക്കാറിനെതിരെ മോദിസർക്കാർ എന്തു നടപടി സ്വീകരിക്കുമെന്ന് വിശദീകരിക്കണം. ബലാത്സംഗ, കൂട്ടക്കൊല കേസിലെ കുറ്റവാളികൾക്ക് ശിക്ഷ ഇളവ് നൽകരുതെന്നാണ് കേന്ദ്രസർക്കാർ നയം. 11 കുറ്റവാളികളെ ഇറക്കി വിടാൻ ശിപാർശ ചെയ്ത ജയിൽ ഉപദേശകസമിതി അംഗങ്ങൾ ആരൊക്കെയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

കേന്ദ്രനയത്തിന് വിരുദ്ധമായി സംസ്ഥാന സർക്കാർ പ്രവർത്തിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ഇടപെടുമോ എന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ചോദിച്ചു. ബിൽക്കീസ് ബാനു എന്ന പേരിന്റെ സ്ഥാനത്ത് ജ്യോതി എന്നോ മറ്റോ ഒരു പേരായിരുന്നെങ്കിൽ, കുറ്റവാളികൾ ശൈലേഷും മറ്റുമല്ലാതെ അഫ്സലോ യൂനുസോ ഒക്കെയാണെങ്കിൽ ഗുജറാത്ത് സർക്കാർ ശിക്ഷ ഇളവ് നൽകുമായിരുന്നോ? മാസങ്ങൾക്കകം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാഷ്ട്രീയ നീക്കമാണ് ഉണ്ടായതെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

11 ബലാത്സംഗ കുറ്റവാളികളെ ജയിലിൽ നിന്ന് വിട്ടതിനെക്കുറിച്ച് ചാനൽ ചർച്ചകൾ ഇല്ലാതെ പോകുന്നത് എന്തുകൊണ്ടാണെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി എം.പി ചോദിച്ചു. ടി.വി ചാനലുകൾ ബോധപൂർവം മൗനം പാലിക്കുകയാണ്. പ്രൈം ടൈമിൽ പ്രത്യക്ഷപ്പെടുന്ന വനിത അവതാരകർ നട്ടെല്ല് കാണിക്കാത്തത് നാണക്കേടാണെന്ന് പ്രിയങ്ക ചതുർവേദി പറഞ്ഞു.

Tags:    
News Summary - Is the media silent on the Bilkis bano case?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.