ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം; ഇന്ത്യയിൽ ഇന്ധനവില വര്‍ധിക്കുമോ?

ന്യൂഡല്‍ഹി: ഇറാനിൽ ഇസ്രായേല്‍ ആക്രമണം തുടങ്ങിയതിനെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു. തൽഫലമായി ഇന്ത്യൻ വിപണിയിലും എണ്ണവില കൂടുമെന്നാണ് വിദഗ്ധാഭിപ്രായം.

ആഗോള തലത്തില്‍ എണ്ണവില ഉയരുന്നതിനനുസരിച്ച് പ്രധാന എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയിലും അയൽ രാജ്യങ്ങളിലും വില വർധിക്കുമെന്നാണ് റിപ്പോർട്ട്. സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 75 ഡോളര്‍ കടന്നു. കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനെ അപേക്ഷിച്ച് വിലയില്‍ 1.24 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നില്ല.

ഇറാനെതിരെ അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നതിനാലാണ് ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ വാങ്ങാത്തത്. ഇസ്രായേല്‍ ഇറാന്‍ ആക്രമിച്ച ഉടന്‍ തന്നെ വില കുതിച്ചുയരുന്നതാണ് കണ്ടത്. ബാരലിന് എട്ടുശതമാനം വില വര്‍ധനയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. പിന്നീടുള്ള ദിവസങ്ങളിലും വില വര്‍ധന തുടരുന്ന കാഴ്ചയാണ് ദൃശ്യമായത്. വെള്ളിയാഴ്ച ബാരലിന് 74 ഡോളര്‍ കടന്നാണ് വില മുന്നേറിയത്. സംഘര്‍ഷം തുടരുകയാണെങ്കില്‍ ഭാവിയില്‍ എണ്ണവില 100 ഡോളര്‍ കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

അതിനിടെ, ബാരലിന് 120 ഡോളര്‍ വരെ ക്രൂഡ് ഓയിൽ വില ഉയരാമെന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ ജെ.പി മോര്‍ഗന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യ പ്രമുഖ എണ്ണ ഇറക്കുമതി രാജ്യമാണ്. ഇന്ത്യയുടെ എണ്ണ ആവശ്യകതയുടെ 85 ശതമാനവും പരിഹരിക്കുന്നത് പുറത്തുനിന്ന് ഇറക്കുമതി ചെയ്താണ്. എന്നാല്‍ സംഘര്‍ഷം കടുത്താൽ എണ്ണവിതരണത്തില്‍ തടസ്സം നേരിടുകയും രാജ്യത്ത് വില വർധിക്കുകയും ചെയ്യും. ഇത് രാജ്യത്ത് ദൈനംദിന സാധനങ്ങൾക്കടക്കം വില വര്‍ധനക്ക് കാരണമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Tags:    
News Summary - Iran-Israel conflict; Will fuel prices increase in India?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.