‘ലോകത്തെ മുഴുവൻ വിളിച്ചുവരുത്തി’; ബംഗളൂരു ദുരന്തത്തിൽ ബി.സി.സി.ഐയെയും ആർ.സി.ബിയെയും കുറ്റപ്പെടുത്തി കർണാടക സർക്കാർ

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിനു പുറത്ത് തിക്കിലും തിരക്കിലും 11 പേർ മരിക്കാനിടയായ സംഭവത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെഗളൂരുവിനെയും ബി.സി.സി.ഐയും കുറ്റപ്പെടുത്തി കർണാടക സർക്കാർ. സംഘാടകർ യാതൊരു അനുമതിയും വാങ്ങാതെ ലോകത്തെ മുഴുവൻ വിളിച്ചുവരുത്തിയെന്ന് സർക്കാർ അഭിഭാഷകൻ ഹൈകോടതിയിൽ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട നാല് ഹരജികളിൽ വാദം കേൾക്കൽ തുടരുന്നതിനിടെയാണ് സർക്കാറിന്‍റെ പരാമർശം. ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാറിന്‍റെ സിംഗ്ൾ ബെഞ്ചാണ് വാദം കേട്ടത്.

സർക്കാറിനായി ഹാജരായ അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടി ആർ.സി.ബിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. സുരക്ഷ, പ്രവേശനം, ടിക്കറ്റ് വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ബി.സി.സി.ഐയും ആർ.സി.ബിയും തമ്മിൽ ധാരണയുണ്ടെന്നും അതിനാൽ ഇരുവരും ദുരന്തത്തിന് ഉത്തരവാദികളാണെന്നും ഷെട്ടി വാദിച്ചു. ടിക്കറ്റിനോ പ്രവേശനത്തിനോ യാതൊരു മാനദണ്ഡവും വെക്കാതെ മുഴുവൻ ആരാധകരോടും വരാൻ ആവശ്യപ്പെട്ട് ആർ.സി.ബി സമൂഹമാധ്യമത്തിൽ പല പോസ്റ്റുകളിട്ടു.

33,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിലേക്ക് കടക്കാൻ മൂന്നര -നാല് ലക്ഷം പേരാണ് പുറത്ത് തടിച്ചുകൂടിയത്. ആഘോഷിക്കാൻ ആരാധകരോട് വരാൻ ആഹ്വാനം ചെയ്ത് ആർ.സി.ബി ഇട്ട പോസ്റ്റ് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു. പരേഡ് നടത്താനോ വിജയാഘോഷത്തിനോ അനുമതി തേടിയില്ല. എല്ലാം അവർ തനിയെ തീരുമാനിച്ചു. കുറഞ്ഞത് ഏഴ് ദിവസം മുമ്പ് അനുമതി വാങ്ങണമെന്നിരിക്കെ, ഫൈനൽ മത്സരം തുടങ്ങാൻ ഒരു മണിക്കൂർ മാത്രം ശേഷിക്കെയാണ് അനുമതിക്കായി അന്വേഷിക്കുന്നത്. സകല നിയമങ്ങളും ആർ.സി.ബി ലംഘിച്ചു.

സ്റ്റേഡിയത്തിലെ പരിപാടിക്ക് പുറമെ മറ്റെന്തൊക്കെയോ അവർ പദ്ധതിയിട്ടു. ദുരന്തത്തിനു ശേഷം ഉത്തരവാദിത്തം സർക്കാറിന്‍റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമമാണ് ആർ.സി.ബി നടത്തുന്നത്. സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി നടത്തിയ പരിപാടിക്ക് പിന്നാലെ അധികൃതർ ഓടി രക്ഷപെടാനാണ് ശ്രമിച്ചതെന്നും അഡ്വക്കേറ്റ് ജനറൽ പറഞ്ഞു.

ജൂൺ മൂന്നിനാണ് ഐ.പി.എൽ ഫൈനലിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് ആർ.സി.ബി ഐ.പി.എല്ലിലെ കന്നിക്കിരീടം സ്വന്തമാക്കിയത്. തൊട്ടടുത്ത ദിവസം ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിയാണ് ദുരന്തത്തിൽ കലാശിച്ചത്. തിക്കിലും തിരക്കിലും 11 പേർ മരിക്കുകയും അമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചിരുന്നു. ആർ.സി.ബി മാനേജ്മെന്‍റിലെ ഏതാനും പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Tags:    
News Summary - Invited whole world: Karnataka blames BCCI, RCB in court for Bengaluru stampede

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.