ന്യൂഡല്‍ഹി: രാജ്യാന്തര ലഹരിക്കടത്ത് ശൃംഖലയിലെ തമിഴ്നാട് സ്വദേശികളായ മൂന്നുപേർ ഡൽഹിയിൽ അറസ്റ്റിൽ. ഇന്ത്യ, ന്യൂസിലന്‍ഡ്, ആസ്ട്രേലിയ, മലേഷ്യ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലഹരിക്കടത്ത് സംഘത്തെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) ആണ് അറസ്റ്റ് ചെയ്തത്.
സിന്തറ്റിക് മയക്കുമരുന്നായ മെത്താഫിറ്റമിന്‍ നിര്‍മിക്കുന്നതിനാവശ്യമായ സ്യൂഡോഎഫഡ്രിന്‍ ഇവരിൽനിന്ന് പിടിച്ചെടുത്തു. മൂന്നുവര്‍ഷത്തിനിടെ അന്താരാഷ്ട്ര വിപണിയില്‍ 2,000 കോടി രൂപ വിലവരുന്ന 3,500 കിലോ സ്യൂഡോഎഫഡ്രിൻ വിദേശരാജ്യങ്ങളിലേക്ക് കടത്തിയിട്ടുണ്ടെന്ന് ഇവർ മൊഴി നൽകി. തമിഴ് സിനിമ നിര്‍മാതാവാണ് മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരനെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും എന്‍.സി.ബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഹെല്‍ത്ത് മിക്സ് പൗഡര്‍ അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ അയക്കുന്നതിന്റെ മറവിലാണ് മയക്കുമരുന്ന് നിര്‍മാണത്തിനാവശ്യമായ രാസവസ്തുവും വിദേശത്തേക്ക് കടത്തിയത്.
ന്യൂസിലന്‍ഡ് കസ്റ്റംസും ആസ്ട്രേലിയന്‍ പൊലീസും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എന്‍.സി.ബിയും ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലും സംയുക്തമായി നടത്തിയ നാലുമാസത്തെ അന്വേഷണത്തിനൊടുവിലാണ് സംഘം വലയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.