മുംബൈ: ഭരണകക്ഷിയായ മഹായുതി സഖ്യത്തിൽ പൊട്ടിത്തെറി അടുത്തിടെ മറനീക്കി പുറത്തുവന്നിരുന്നു. നിർണായകമായ ബ്രഹാൻ മുംബൈ കോർപറേഷൻ(ബി.എം.സി), തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പല കാരണങ്ങളെ ചൊല്ലി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മിൽ തർക്കം ഉടലെടുത്തതോടെ ഭരണകക്ഷിയായ മഹായുതി സഖ്യത്തിനുള്ളിൽ വിള്ളലുണ്ടായത്.
പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപറേഷൻ (പി.സി.എം.സി) പ്രചാരണ വേളയിൽ ഫഡ്‌നാവിസ് നടത്തിയ പരാമർശത്തിന് മറുപടിയായി അജിത് പവാർ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഭരണ പരാജയങ്ങൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തതെന്നും വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുകയല്ലെന്നുമാണ് അജിത് പവാർ പറഞ്ഞത്.
താനൊരിക്കലും ബി.ജെ.പിയെ വിമർശിച്ചിട്ടില്ലെന്നും ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപറേഷനിൽ സംഭവിച്ച തെറ്റുകൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും തെറ്റുകൾ ചൂണ്ടിക്കാട്ടുന്നത് ഒരിക്കലും വിമർശനമാകില്ലെന്നുമായിരുന്നു അജിത് പവാറിന്റെ മറുപടി. ഏതാണ്ട് ഒമ്പത് വർഷത്തെ ഇടവേളക്ക് ശേഷമാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാൽ തന്റെ വിമർശനത്തിൽ അൽപം മൂർച്ച കൂടുമെന്നും അജിത് പവാർ പറഞ്ഞു.
തന്റെ നേതൃത്വത്തിലുള്ള എ.സി.പിയുടെയും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയുടെയും സംയുക്ത പ്രകടന പത്രിക പുറത്തിറക്കിയ ശേഷം പിംപ്രിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അജിത് പവാർ.
ഒരു തെരഞ്ഞെടുപ്പ് റാലിയിൽ വെച്ചാണ് ഫഡ്നാവിസ് അജിത് പവാറിനെതിരെ വിമർശനമുന്നയിച്ചത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമേ ചില നേതാക്കളുടെ ശബ്ദം ഉയരുകയുള്ളൂ എന്നായിരുന്നു അജിത് പവാറിനെ ലക്ഷ്യം വെച്ച് ഫഡ്നാവിസ് പറഞ്ഞത്. അജിത് ദാദ വാചകമടിച്ചു സമയം കളയുന്നു, എന്നാൽ താൻ പണിയെടുക്കുന്നു എന്നും ഫഡ്നാവിസ് പരിഹസിച്ചു.
2017 മുതൽ 2022 വരെ പി.സി.എം.സി ഭരിച്ചപ്പോൾ ബി.ജെ.പി അഴിമതിയും ദുർഭരണവും നടത്തിയെന്നും അജിത് പവാർ ആരോപിച്ചു. പാർട്ടി നൽകിയ 27 വാഗ്ദാനങ്ങളിൽ ഒന്നുപോലും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ അജിത് പവാർ റാവെറ്റ്, ഭോസാരി തുടങ്ങിയ മേഖലകളിലെ ചേരി പുനരധിവാസ അതോറിറ്റി പദ്ധതികളിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
അടിസ്ഥാന സൗകര്യ മേഖലയിലെ ചെലവ് വർധനവിനെയും അജിത് പവാർ തുറന്നുകാട്ടി. ഒരു പാലം പദ്ധതിക്ക് 70 ലക്ഷം രൂപയിൽ നിന്ന് 7 കോടി രൂപയായി ഉയർന്നിരിക്കുന്നു. 2026 ഏപ്രിൽ ഒന്നു മുതൽ 500 ചതുരശ്ര അടി വരെയുള്ള വീടുകൾക്ക് സ്വത്ത് നികുതി ഇളവ്, കരട് വികസന പദ്ധതി റദ്ദാക്കൽ, ദിവസേനയുള്ള ജലവിതരണം, സൗജന്യ ബസ്, മെട്രോ യാത്ര, മെച്ചപ്പെട്ട റോഡുകൾ, മലിനീകരണ നിയന്ത്രണം, ആധുനിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, മാതൃകാ സ്കൂളുകൾ, വിദ്യാർഥികൾക്ക് സൗജന്യ ടാബ്‌ലെറ്റുകൾ, നൈപുണ്യ പരിശീലനം പൂർത്തിയാക്കുന്ന സ്ത്രീകൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പകൾ എന്നിവയുൾപ്പെടെയാണ് അജിത് പവാർ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം.
ഭരണകക്ഷിയായ മഹായുതി സഖ്യത്തിന്റെ ഭാഗമായിട്ടും ബി.ജെ.പിയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയും പൂനെ, പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ വെവ്വേറെയാണ് മത്സരിക്കുന്നത്. മത്സരം സൗഹൃദപരവും വ്യക്തിപരമായ ആക്രമണങ്ങളില്ലാത്തതുമായിരിക്കുമെന്ന് ഇരുപക്ഷവും നേരത്തെ സമ്മതിച്ചിരുന്നതായി ഫഡ്‌നാവിസ് പറഞ്ഞു. താൻ ആ വാക്കു പാലിച്ചു. എന്നാൽ മറുവിഭാഗത്തിന് സംയമനം നഷ്ടപ്പെട്ടുവെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു.
ബി.എം.സിയിലേക്കും പൂനെ, പിംപ്രി-ചിഞ്ച്‌വാഡ് എന്നിവയുൾപ്പെടെ മറ്റ് 28 മുനിസിപ്പൽ കോർപറേഷനുകളിലേക്കും ജനുവരി 15 നാണ് വോട്ടെടുപ്പ്. ജനുവരി 16ന് വോട്ടെണ്ണൽ നടക്കും. 3.48 കോടിയിലധികം വോട്ടർമാർ വോട്ടവകാശം വഹിക്കാൻ അർഹതയുള്ള 2,869 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.