ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിന്റെ നിയന്ത്രണങ്ങൾ നഷ്ടമാകുകയാണെന്നും ഭരണഘടനാ സ്ഥാപനങ്ങളിൽ വലിയ രീതിയിലുള്ള ആഭ്യന്തര കലഹം നടക്കുകയാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഭരണ സംവിധാനത്തിനകത്തുനിന്നു തന്നെ ഇതിനെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും ഒരു വർഷത്തിനപ്പുറം നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്ത് തുടരില്ലെന്നും രാഹുൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടേത് വെറും നുണപ്രചാരണമാണെന്നും അദ്ദേഹം പ്രതിപക്ഷ നേതാവല്ല മറിച്ച് കുപ്രചാരണങ്ങളുടെ നേതാവാണെന്നും വിമർശിച്ച് ബി.ജെ.പി രംഗത്തുവന്നു.
കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസിന്റെ ദേശീയ ആദിവാസി പ്രഫഷനൽ കോൺക്ലേവിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ അയക്കുന്ന സന്ദേശങ്ങൾ ഇപ്പോൾ തനിക്ക് ലഭിക്കുന്നുണ്ട്.
ഇന്റലിജൻസ് വിഭാഗത്തിന്റെ തലവനും മുതിർന്ന ജുഡീഷ്യറിയിലെ അംഗങ്ങളും സർക്കാറിനെതിരെ തിരിഞ്ഞ് വിവരങ്ങൾ കൈമാറുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. മുമ്പ് സ്ഥാപനങ്ങൾ പൂർണമായും സർക്കാറിന്റെ നിയന്ത്രണത്തിലായിരുന്നുവെങ്കിൽ ഇപ്പോൾ ആ അവസ്ഥ മാറി. പൊതുജനങ്ങളിൽ നിന്നുള്ള കടുത്ത അമർഷവും സാമ്പത്തിക പ്രതിസന്ധിയും ഭയന്ന് ഉദ്യോഗസ്ഥർക്ക് തന്നെ സിസ്റ്റത്തിൽ തുടരുന്നതിൽ ഭയമുണ്ടെന്നും രാഹുൽ പറഞ്ഞു. അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന ആഘാതങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിച്ചിരുന്ന സുരക്ഷാ സംവിധാനങ്ങൾ ബി.ജെ.പി സർക്കാർ എടുത്തുമാറ്റിയതു കാരണം ഇന്ത്യയിൽ ‘സാമ്പത്തിക സൂനാമി’ വരാൻ പോകുകയാണെന്നും ജനരോഷം അടിച്ചമർത്താൻ സർക്കാർ അടിയന്തരാവസ്ഥക്ക് സമാനമായ എന്തെങ്കിലും അടിച്ചേൽപിച്ചേക്കാമെന്നും രാഹുൽ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു.
അതേസമയം, രാഹുൽ ഗാന്ധി വരുന്നത് അടിയന്തരാവസ്ഥയുടെ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നായതിനാലാണ് എല്ലാവരും അടിയന്തരാവസ്ഥ അടിച്ചേൽപിക്കാൻ നടക്കുകയാണെന്ന് അദ്ദേഹം കരുതുന്നതെന്ന് ബി.ജെ.പി ദേശീയ വക്താവ് ഷഹ്സാദ് പൂനാവാല പറഞ്ഞു. നുണകൾ പ്രചരിപ്പിച്ച് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം കൊയ്യുന്നത് രാഹുൽ ഗാന്ധി അവസാനിപ്പിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.