ഗ്വാളിയർ: ഭാര്യയെ കൊലപ്പെടുത്തി വാഹനാപകടമാണെന്ന് ചിത്രീകരിക്കാൻ ശ്രമിച്ച് മൃതദേഹം തെരുവിൽ ഉപേക്ഷിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ അപകട മരണമായി പൊലീസ് വിലയിരുത്തിയെങ്കിലും പോസ്റ്റ്മോർട്ടം പരിശോധനയിൽ ക്രൂരമായ മർദിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും മൂന്ന് ബന്ധുക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഫെബ്രുവരി 12ന് കാമ്പു പോലീസ് സ്റ്റേഷൻ പരിധിയിലെ ഷീത്‌ല റോഡിൽ നടന്ന വാഹനാപകടത്തിൽ 22കാരിയായ സ്ത്രീ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് കേസ് പൊലീസ് ശ്രദ്ധയിൽ പെടുന്നത്. വാഹനത്തിൽ സഞ്ചരിച്ച ഭർത്താവ് പ്രദീപ് ഗുജാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. അപകടത്തെ കുറിച്ചുള്ള പ്രദീപിന്റെ മൊഴി പൊലീസ് ആദ്യം അംഗീകരിച്ചിരുന്നു. പക്ഷെ പിന്നീട് പ്രതിയുടെ മൊഴികളിലെയും സംഭവസ്ഥലത്ത് നിന്നുമുള്ള തെളിവുകളുടെ പൊരുത്തക്കേടും പൊലീസിൽ സംശയമുണ്ടാക്കി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.
സ്ത്രീധനത്തിന്റെ പേരിൽ യുവതി പീഡനം നേരിട്ടതായി കുടുംബം ആരോപിച്ചു. അതെസമയം ഫോറൻസിക് വിഭാഗത്തിന്റെ കണ്ടത്തെലുകൾ പ്രകാരം, അവരുടെ മുറിവുകൾ വാഹനാപകടത്തിന്റെ ഫലമല്ല, മറിച്ച് ക്രൂരമായ ആക്രമണത്തിന്റെ ഫലമാണെന്നാണ് സ്ഥിരീകരണം. കൂടുതൽ അന്വേഷണത്തിൽ പ്രദീപ് ക്രൈം ടെലിവിഷൻ പരിപാടികൾ കണ്ട ശേഷമാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമായിട്ടുണ്ട്.
തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രദീപിനും പിതാവ് രാംവീർ ഗുർജാറിനും ബന്ധുക്കളായ ബൻവാരി, സോനു ഗുജാറിനുമെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രദീപിനെ കസ്റ്റഡിയിലെടുത്ത പൊലീസ് മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്. അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.