ഇന്ത്യൻ നാവികസേനയുടെ റഷ്യൻ നിർമിത യുദ്ധക്കപ്പൽ ഐ.എൻ.എസ് തമാലിന്റെ കമീഷനിങ് ചടങ്ങിൽ പങ്കെടുക്കുന്ന ഇന്ത്യൻ-റഷ്യൻ നാവിക ഉദ്യോഗസ്ഥർ
ന്യൂഡൽഹി: റഷ്യൻ നിർമിത യുദ്ധക്കപ്പൽ ഐ.എൻ.എസ് തമാൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകളും അന്തർവാഹിനി റോക്കറ്റുകളും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും വഹിക്കുന്നതാണ് കപ്പൽ.
125 മീറ്റർ നീളവും 3900 ടൺ ഭാരവുമുണ്ട്. റഷ്യയുടെ തീരനഗരമായ കലിനിൻഗ്രാഡിലാണ് കപ്പലിന്റെ കമീഷനിങ് നടന്നത്. കലിനിൻഗ്രാഡിലെ യാന്തർ കപ്പൽശാലയിലായിരുന്നു നിർമാണം. ഇന്ത്യയിൽനിന്നുള്ള വിദഗ്ധ സംഘം നിർമാണത്തിന് മേൽനോട്ടം വഹിച്ചു. മൂന്ന് മാസത്തിനിടെ നിരവധി കടൽ പരീക്ഷണങ്ങളും പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് കമീഷനിങ്.
ഇന്ത്യയുടെയും റഷ്യയുടെയും അത്യാധുനിക സാങ്കേതികവിദ്യകളുടെ സംയോജനമായതിനാൽ കപ്പലിന്റെ കരുത്ത് പ്രവചനാതീതമാണെന്ന് ഇന്ത്യൻ നാവികസേന പറയുന്നു. രണ്ട് പതിറ്റാണ്ടിനിടെ റഷ്യയിൽനിന്ന് ഏറ്റെടുക്കുന്ന എട്ടാമത്തെ കപ്പലാണിത്. നെറ്റ്വർക്ക് കേന്ദ്രീകൃത യുദ്ധ സംവിധാനങ്ങളും നൂതന ഇലക്ട്രോണിക് യുദ്ധ സ്യൂട്ടും കപ്പലിന്റെ ശേഷി വർധിപ്പിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കപ്പലിന്റെ ആയുധപ്പുരയിൽ മിസൈലുകളും അന്തർവാഹിനി റോക്കറ്റുകളും അഗ്നിനിയന്ത്രണ റഡാറുകളും മറ്റു നിരവധി ആധുനിക സംവിധാനങ്ങളുമുണ്ട്. വ്യോമ പ്രതിരോധത്തിനായി മിസൈൽ ലോഞ്ചറും സജ്ജീകരിച്ചിട്ടുണ്ട്. ഹിന്ദുവിശ്വാസപ്രകാരം ദേവരാജനായ ഇന്ദ്രന്റെ ആയുധമായ വാളാണ് തമാല്‍ എന്ന വാക്കുകൊണ്ട് അർഥമാക്കുന്നത്.
ന്യൂഡൽഹി: സുരക്ഷാ വെല്ലുവിളികൾ നേരിടാനുള്ള തയാറെടുപ്പിനായി ഇന്ത്യൻ, ഫ്രഞ്ച് സൈന്യങ്ങൾ രണ്ടാഴ്ച നീണ്ട സംയുക്ത സൈനിക അഭ്യാസം നടത്തി. ജൂൺ 18 മുതൽ ജൂലൈ ഒന്നു വരെ നടന്ന ഇരുരാജ്യങ്ങളുടെയും സൈനിക അഭ്യാസമായ ‘ശക്തി’യിൽ ഫ്രഞ്ച് സൈന്യത്തിന്റെ 500ലധികം പേർ പങ്കെടുത്തു. 90 പേരടങ്ങുന്നതായിരുന്നു ഇന്ത്യൻ സംഘം. മോൺക്ലാർ ജില്ലയിലെ അവെയ്റോണിലും ഹെറാൾട്ടിലുമായിരുന്നു സംയുക്ത അഭ്യാസം.
ഫ്രഞ്ച്, ഇന്ത്യൻ സായുധ സേനകൾക്കിടയിൽ ആഴത്തിലുള്ള സഹകരണത്തിനും പരസ്പര ബഹുമാനത്തിനും വഴിയൊരുക്കുകയും ഇന്തോ-ഫ്രഞ്ച് പ്രതിരോധ പങ്കാളിത്തം ഗണ്യമായി ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് സംയുക്ത സൈനിക അഭ്യാസമെന്ന് ഫ്രഞ്ച് എംബസി അറിയിച്ചു.
ന്യൂഡൽഹി: വടക്കൻ അറബിക്കടലിൽ ചരക്കുകപ്പലിലെ തീയണച്ച് ഇന്ത്യൻ നാവികസേന. പലാവുവിൽ രജിസ്റ്റർ ചെയ്ത കപ്പലിലെ ഇന്ത്യക്കാരായ 14 ജീവനക്കാരും സുരക്ഷിതരാണ്. ഞായറാഴ്ചയാണ് കപ്പലിൽ നിന്ന് അപായ സന്ദേശമെത്തിയത്. ഉടൻ നാവിക സേന സഹായവുമായെത്തി. തീപിടിത്തമുണ്ടാകുമ്പോൾ യു.എ.ഇയിലെ ഫുജൈറക്ക് 80 നോട്ടിക്കൽ മൈൽ കിഴക്കാണ് എം.ടി യി ചെങ് 6 എന്ന കപ്പലുണ്ടായിരുന്നത്. നാവികസേനയുടെ ഐ.എൻ.എസ് ടബാർ എന്ന യുദ്ധക്കപ്പലാണ് രക്ഷാപ്രവർത്തനത്തിനുപയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.