ലഖ്നോ: ഉന്നാവ് ബലാത്സംഗത്തിലെ ഇരയുടെ അഭിഭാഷകൻ മഹേന്ദ്ര സിങ് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ജില്ല മജിസ്ട്രേറ്റിന് തോക്ക് ലൈസൻസ് ആവശ്യപ്പെട്ട് കത്തുനൽകിയിരുന്നു. ജൂലൈ 15നാണ് കത്ത് നൽകിയത്. അതായത്, ഇരക്കും അഭിഭാഷകനും പരിക്കേറ്റ വാഹനാപകടത്തിന് ഒരാഴ്ചമുമ്പ്. ഇൗ അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിച്ചിരുന്നു. താൻ കൊല്ലപ്പെടുമെന്ന് ഭയമുള്ളതായി അഭിഭാഷകൻ കത്തിൽ വ്യക്തമാക്കുന്നുണ്ട്. 2018 സെപ്റ്റംബറിൽ ലൈസൻസിന് അപേക്ഷിച്ചെങ്കിലും സംസ്ഥാന സർക്കാറിെൻറ സമ്മർദം മൂലം അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ദുരൂഹമായ വാഹനാപകടത്തിൽ പരിക്കേറ്റ ഉന്നാവ് ബലാത്സംഗ ഇരയുടെയും അഭിഭാഷകെൻറയും നില തൃപ്തികരമാെണന്ന് ഇവർ ചികിത്സയിൽ കഴിയുന്ന കിങ് ജോർജ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ഡോക്ടർമാർ പറഞ്ഞു. എന്നാൽ, പെൺകുട്ടി ഇപ്പോഴും വെൻറിലേറ്ററിലാണുള്ളത്. സി.ടി സ്കാനിൽ തലക്ക് പരിക്കേറ്റതായി കാണുന്നില്ല. ഡോക്ടർമാരുടെ സംഘം 24 മണിക്കൂറും ജാഗ്രത പുലർത്തുന്നുണ്ടെന്ന് ആശുപത്രി ട്രോമ സെൻറർ ചുമതലയുള്ള ഡോ. സന്ദീപ് തിവാരി പറഞ്ഞു.
അഭിഭാഷകനെ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും കുറച്ചുനേരത്തേക്ക് വെൻറിലേറ്ററിൽനിന്ന് മാറ്റിനോക്കിയിരുന്നു. അപ്പോൾ അദ്ദേഹത്തിെൻറ നില തൃപ്തികരമാണ്. എന്നാൽ, വീണ്ടും വെൻറിലേറ്ററിലാക്കി. പെൺകുട്ടിയെ ചികിത്സക്കായി സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാനുള്ള ആലോചനയെക്കുറിച്ച് അറിയില്ലെന്നും ഡോ. തിവാരി പറഞ്ഞു.
അതിനിടെ, ഇരയായ പെൺകുട്ടിക്ക് സംരക്ഷണം ഒരുക്കുന്നതിൽ അലംഭാവം കാണിച്ച മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സുദേഷ് കുമാർ, വനിത കോൺസ്റ്റബിൾമാരായ സുനിത ദേവി, റൂബി പേട്ടൽ എന്നിവരെയണ് സസ്പെൻഡ് ചെയ്തതെന്ന് ഉന്നാവ് പൊലീസ് സൂപ്രണ്ട് എം.പി വർമ അറിയിച്ചു. പെൺകുട്ടിയുടെ മറ്റൊരു അഭിഭാഷകൻ അജേന്ദ്ര അശ്വതി, താൻ അഭ്യർഥിച്ച ശേഷം ജില്ല ഭരണകൂടം മതിയായ സുരക്ഷ ഒരുക്കിയതായി പറഞ്ഞു.
ഉന്നാവ് വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഇരയുടെ രണ്ടാമത്തെ അമ്മായിയുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ഇവർ വിധവയായിരുന്നു. കനത്ത സുരക്ഷയിൽ ബാരാബങ്കിയിലെ ഗ്രാമത്തിലായിരുന്നു സംസ്കാരം. ഇവരോടൊപ്പം കൊല്ലപ്പെട്ട ബന്ധുവിെൻറ സംസ്കാരം കഴിഞ്ഞദിവസം ഗംഗാതീരത്ത് നടന്നിരുന്നു.
ഒരു ക്രിമിനലിനെ കൊണ്ടുനടന്നുെവന്ന കാര്യം ബി.ജെ.പി ഒടുവിൽ അംഗീകരിക്കുകയും തെറ്റുതിരുത്താൻ ചില നടപടി സ്വീകരിക്കുകയും ചെയ്തെന്ന് കുൽദീപ് സിങ് സെങ്കാറിനെതിരായ നടപടി പരാമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. യു.പിയിലെ കാട്ടുഭരണത്തിനെതിരെ സ്വമേധയാ നടപടിയെടുത്ത സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഉന്നാവ് വാഹനാപകടകേസ് സി.ബി.െഎ ഏറ്റെടുക്കുകയും എം.എൽ.എ സെങ്കാർ ഉൾപ്പെടെ 10 പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. റായ്ബറേലി ജയിലിലുള്ള അമ്മാവനെ കാണാൻ പോവുകയായിരുന്ന ഉന്നാവ് ബലാത്സംഗകേസ് ഇരയായ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചക്കായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.