'ഭോപാൽ: സ്വന്തം നാട്ടിൽ ബഹിഷ്‍കരണ ഭീഷണി നേരിടുകയാണ് ഇൻഡോറിലെ മുസ്‍ലിം വ്യാപാരികൾ. മുസ്‍ലിംകളെ പുറത്താക്കണമെന്ന ബി.ജെ.പി നേതാവിന്റെ ആഹ്വാനത്തിന്റെ അനന്തരഫലമാണിത്. മധ്യപ്രദേശിലെ സിറ്റ്ല മാതാ ബസാറിൽ തങ്ങളുടെ കൈവശമുള്ള സ്റ്റോക്കുകൾ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് കടയുടമകൾ. ഒരു നൂറ്റാണ്ടിലേറെയായി ഹിന്ദുക്കളും മുസ്‍ലിംകളും ഐക്യത്തോടെയാണ് ഇവിടെ കച്ചവടം നടത്തുന്നത്. അവരിൽ തയ്യൽക്കാരുണ്ട്, കടയുടമകളുണ്ട്, ജീവനക്കാരുമുണ്ട്.
വസ്ത്ര വിപണിയുടെ നട്ടെല്ലായിരുന്നു അവർ. അവരങ്ങനെ ഐക്യത്തോടെ ജീവിച്ചുവരികെയാണ് ബി.ജെ.പി ഇൻഡോർ യൂനിറ്റ് വൈസ് പ്രസിഡന്റും വലതുപക്ഷ സംഘടനയായ ഹിന്ദു രക്ഷകിന്റെ തലവനുമായ അക്ലവ്യ ഗൗർ ഒരു പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ 25നകം മുസ്‍ലിം വ്യാപാരികൾ മാർക്കറ്റ് വിട്ടുപോകണമെന്നായിരുന്നു ആ പ്രഖ്യാപനം. ആ അന്ത്യശാസനത്തോടെ സിറ്റ്ല മാതാ ബസാറിലെ ഐക്യം തകർന്നു തുടങ്ങി. മുസ്‍ലിം ഹാസ്യനടൻ മുനവർ ഫാറൂഖിയും സഹനടൻമാരും ഹിന്ദു ദൈവങ്ങളെ പരിഹസിച്ചുവെന്നാരോപിച്ച് 2021 ജനുവരിയിൽ അക്ലവ്യ ഇൻഡോറിലെ ഒരു കഫേയിൽ അതിക്രമിച്ചു കയറിയിരുന്നു. ഇത് പൊലീസ് കേസായതോടെയാണ് ഇയാൾ ആദ്യമായി വാർത്തകളിൽ ഇടം നേടിയത്. കഴിഞ്ഞ രണ്ടുവർഷമായി സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്ന പരാതികൾ ഉയരുന്നതിനാലാണ് ഈ മാർക്കറ്റിൽ ഇത്തരമൊരു അന്ത്യശാസനം നൽകിയത് എന്നാണ് അക്ലവ്യയുടെ മറുപടി.
ആ ബഹിഷ്‍കരണ ആഹ്വാനത്തിന്റെ ആഘാതം വിപണിയിലും പ്രതിഫലിച്ചിട്ടുണ്ട്. സ്റ്റോക്ക് നഷ്ടത്തിൽ വിറ്റഴിക്കുന്നതിൽ പല വ്യാപാരികളും സങ്കടത്തിലാണ്. ലക്ഷങ്ങളുടെ വായ്പയെടുത്താണ് പലരും കച്ചവടം തുടങ്ങിയത് തന്നെ. തങ്ങൾ കടക്കെണിയിലാകുമെന്നും സ്വന്തം രാജ്യത്ത് എങ്ങനെയാണ് ഇങ്ങനെ ബഹിഷ്‍കൃതരായി ജീവിക്കാൻ സാധിക്കുകയെന്നും ഞങ്ങളിനി എവിടേക്ക് പോകുമെന്നുമാണ് ഒരു കച്ചവടക്കാരൻ ചോദിക്കുന്നത്.
''ഈ ദസറ കാലത്ത് കച്ചവടം മന്ദഗതിയിലായിരുന്നു. ചില മുസ്‍ലിം ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നു. നിശ്ശബ്ദമായ ആഘോഷങ്ങളാണ് ഇവിടെ നടന്നത്. ഹിന്ദു-മുസ്‍ലിം ഐക്യം തകർന്നു''-ഹിന്ദുസമുദായത്തിൽ പെട്ട മറ്റൊരു കച്ചവടക്കാരൻ പറയുന്നു.
പ്രഖ്യാപനത്തിനെതിരെ നിരവധി ഹിന്ദുകടയുടമകളാണ് രംഗത്തുവന്നിട്ടുള്ളത്. കാലങ്ങളായി തങ്ങളുടെ സഹപ്രവർത്തകരായി കഴിയുന്നവരെ എങ്ങനെയാണ് ഇത്തരത്തിൽ ബഹിഷ്‍കരിക്കുകയെന്നും അവർ ചോദിക്കുന്നു. ഭയം കാരണം മറ്റ് ചില കച്ചവടക്കാർ ഉത്തരവ് അനുസരിക്കാനും നിർബന്ധിതരായി. ബഹിഷ്‍കരണ നിരോധനം കാരണം മുസ്‍ലിം കുടുംബങ്ങളിലെ സ്ത്രീകൾ വസ്ത്രങ്ങൾ വാങ്ങാൻ വരുന്നത് നിർത്തി. സഹായികളായി തുടങ്ങിയവരാണ് ഇവിടത്തെ പല കടയുടമകളും. കുറച്ചുമാസങ്ങളായി മാർക്കറ്റിൽ കച്ചവടം കുറവായിരുന്നു. അത് ദസറ കാലത്ത് നികത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികൾ.
സാധാരണ ദസറ കാലത്ത് ഒരു ദിവസം 50,000-60,000 രൂപയുടെ ബിസിനസ് നടക്കുമായിരുന്നു. എന്നാൽ എല്ലാ പ്രതീകളും അസ്ഥാനത്തായി. ഈ ദസറ ഒരു കച്ചവടവും നടന്നില്ല. കിട്ടുന്ന പൈസക്ക് സാധനങ്ങൾ വിറ്റഴിക്കാൻ വ്യാപാരികൾ നിർബന്ധിതരായി. പൊലീസ് കേസിൽ ഉൾപ്പെടാൻ ആഗ്രഹമില്ലാത്തതിനാൽ പ്രതിഷേധിക്കാൻ പോലും പലരും മടിക്കുകയാണ്. ഉപജീവനമാർഗം നഷ്ടമാകുമെന്ന് കണ്ട് പലരും മറ്റ് ജോലികൾ അന്വേഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.