representational image

ആശുപത്രി ഐ.സി.യുവിൽ എലിയുടെ വിളയാട്ടം; നവജാത ശിശുക്കളെ കടിച്ചു; ഒരു മരണം

ഇന്ദോർ: അവശരായിരിക്കുമ്പോൾ ഏറ്റവും സുരക്ഷിതമെന്ന് ഉറപ്പിക്കാവുന്ന ഇടമാണ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗമായ ഐ.സി.യു. എന്നാൽ, അവിടെ കിടന്ന രോഗി​ക്കും രക്ഷയില്ലെങ്കിലോ. അങ്ങിനെയൊരു വാർത്തയാണ് മധ്യപ്രദേശിലെ ഇന്ദോറിൽ നിന്നും വരുന്നത്. മഹാരാജ യശ്വന്ത് റാവു സർക്കാർ ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു രണ്ട് നവജാത ശിശുക്കൾക്ക് എലിയുടെ കടിയേറ്റു. 48 മണിക്കുറിനുള്ളിൽ ഇവരിൽ ഒരു കുഞ്ഞ് മരിക്കുകയും ചെയ്തതോടെ അന്വേഷണം പ്രഖ്യാപിക്കുകയും, ഐ.സി.യു ചുമതലയിലുണ്ടായ രണ്ട് നഴ്സുമാരെ സസ്​പെൻഡും ചെയ്തു.

ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കുഞ്ഞുങ്ങൾക്കാണ് ഐ.സി.യുവിൽ എലിയുടെ കടിയേറ്റത്. അതേസമയം, കുഞ്ഞിന്റെ മരണം എലിയുടെ കടിയേറ്റത് കാരണമല്ലെന്നും, രോഗം ഗുരുതരമായതാണ് കാരണമെന്നും വിശദീകരിച്ചുകൊണ്ട് ആശുപത്രി അധികൃതരും രംഗത്തെത്തി. ഒരു കുട്ടിയുടെ കൈക്കും, രണ്ടാമത്തെ കുട്ടിയുടെ തോളിനും തലക്കുമാണ് എലിയുടെ കടിയേറ്റത്.

മധ്യപ്രദേശിലെ ഏറ്റവും പ്രശസ്താമായ സർക്കാർ ആശുപത്രിയാണ് മഹാരാജ യശ്വന്ത് റാവു ആശുപത്രി. ജനിച്ച ഉടൻ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളെ ചികിത്സിക്കുന്ന പ്രത്യേക ഐ.സി.യുവിലാണ് അതീവ സുരക്ഷയും മറികടന്ന് എലികൾ വിഹരിച്ചത്. മരിച്ച കുഞ്ഞിനെ പത്തു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് എം.വൈ.എച്ച് കോളജ് ഡീൻ ഡോ. അരവിന്ദ് ഗംഗോറിയ പറഞ്ഞു.

ഖാർഗോൺ ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് കുട്ടിയെ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചത്. 1.20 കിലോ മാത്രം ഭാരമുള്ള കുഞ്ഞ് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹാ​യത്തോടെയായിരുന്നു തുടർന്നത്. ​എലിയുടെ കടിയേറ്റുവെങ്കിലും കുട്ടിയു​ടെ മരണകാരണം ന്യൂമോണിയ അണുബാധയാണെന്ന് ചികിത്സിച്ച ഡോക്ടർമാർ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യും.

കുഞ്ഞുങ്ങളെ എലി കടിച്ച സംഭവത്തിനു പിന്നാലെ പ്രാഥമിക അന്വേഷണം നടത്തുകയും ചുമതലയിലുണ്ടായിരുന്ന നഴ്സുമാരെ സസ്​പെൻഡ് ചെയ്യുകയും നഴ്സിങ് സുപ്രണ്ടിനെ ചുമതലയിൽ നിന്ന് മാറ്റുകയും ചെയ്തു. ശുചീകരണ ചുമതലയുള്ള സ്വകാര്യ കമ്പനിക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

15 ദിവസത്തിൽ ഒരു തവണ എന്നതിനു പകരം എല്ലാ ആഴ്ചയിൽ ആശുപത്രി പരിസരത്ത് കീടനിയന്ത്രണം നടത്താനും നിർദേശിച്ചതായി അധികൃതർ അറിയിച്ചു.

കഴിഞ്ഞയാഴ്ചയിലെ ശക്തമായ മഴയാണ് എലികൾ വർധിക്കാനും ആശുപ​ത്രിയിൽ പ്രവേശിക്കാനും കാരണമായതെന്ന് ഡീൻ പറഞ്ഞു.

ഇതാദ്യമായല്ല എം.വൈ.എച്ചിൽ രോഗികൾക്ക് എലിയുടെ കടിയേൽക്കുന്നത്. 2021ലും നവജാത ശിശു പരിചരണ കേന്ദ്രത്തോട് ചേർന്നുള്ള നഴ്സറിയിൽ കുട്ടികൾക്ക് കടിയേറ്റിരുന്നു.

അതേസമയം, ആശുപത്രിയിലെ എലിക്കടിയെ ഭരണ കക്ഷിക്കെതിരായ ആയുധമാക്കി പ്രതിപക്ഷവും രംഗത്തെത്തി. സംഭവത്തിൽ ജുഡീഷ്യ അന്വേഷണത്തിന് പ്രതിപക്ഷം ആവശ്യമുന്നയിച്ചു.

Tags:    
News Summary - Indore: Rats bite 2 newborns in hospital, one dies of pneumonia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.