ആറ് വിദേശ സർവിസുകൾ താൽക്കാലികമായി നിർത്തി ഇൻഡിഗോ; പ്രവർത്തനച്ചെലവും യാത്രികരുടെ അഭാവവുമെന്ന് വിശദീകരണം

മുംബൈ: നെറ്റ്‌വർക്ക് പുനഃക്രമീകരണത്തിന്റെ ഭാഗമായി ആറ് അന്താരാഷ്ട്ര സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ച് ഇൻഡിഗോ വിമാനക്കമ്പനി. ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് അടക്കമുള്ള സർവിസുകളാണ് എയർലൈൻ താൽക്കാലികമായി നിർത്തലാക്കിയത്. വരും മാസങ്ങളിൽ ഈ റൂട്ടുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായേക്കാവുന്ന കുറവും വർധിച്ചുവരുന്ന പ്രവർത്തനച്ചെലവുമാണ് പെട്ടെന്നുള്ള ഈ തീരുമാനത്തിന് പിന്നിലെന്ന് കമ്പനി അധികൃതർ അറിയിച്ചു.

ലങ്കാവി, ക്രാബി, ഹോ ചി മിൻ സിറ്റി, ഹോങ്കോങ്, ഷാങ്ഹായ് എന്നീ നഗരങ്ങളിലേക്കുള്ള സർവിസുകൾ ജൂലൈ ഒന്നു മുതലും, സീം റീപ്പിലേക്കുള്ള സർവിസ് ജൂലൈ മൂന്നു മുതലുമാണ് നിർത്തുക. സെപ്റ്റംബർ 30 വരെ ഈ റൂട്ടുകളിൽ സർവിസുകൾ ഉണ്ടാവില്ലെന്നാണ് ഇൻഡിഗോ വ്യക്തമാക്കിയത്.

വിപണിയിലെ സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിനനുസരിച്ച് ഒക്ടോബർ ഒന്നു മുതൽ ഈ റൂട്ടുകളിലേക്കുള്ള ബുക്കിങ് പുനരാരംഭിക്കും. അനുകൂല സാഹചര്യമുണ്ടായാൽ നിശ്ചയിച്ച തീയതിക്ക് മുമ്പുതന്നെ സർവിസുകൾ പുനഃസ്ഥാപിക്കാൻ തങ്ങൾ തയാറാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

നിലവിലെ പ്രതിസന്ധികൾക്കിടയിലും തങ്ങളുടെ ഭൂരിഭാഗം അന്താരാഷ്ട്ര സർവിസുകളും നിലനിർത്താൻ ഇൻഡിഗോയ്ക്ക് സാധിച്ചിട്ടുണ്ട്. ആഴ്ചയിൽ 1,800ൽ അധികം അന്താരാഷ്ട്ര സർവിസുകൾ എയർലൈൻ നിലവിൽ നടത്തുന്നുണ്ട്. ആഗോളതലത്തിൽ സർവീസുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനും വിപണിയിലെ ആവശ്യകതയ്ക്ക് അനുസരിച്ച് ശേഷി ക്രമീകരിക്കുന്നതിനുമാണ് ഈ മാറ്റങ്ങളെന്ന് ഇൻഡിഗോ കൂട്ടിച്ചേർത്തു.

Tags:    
News Summary - IndiGo temporarily suspends six foreign services; explains operating costs and lack of passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.