സിക്കിമിൽ തുരങ്ക നിർമാണത്തിനിടെ മണ്ണിടിച്ചിലിൽ ഏഴുമരണം; നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

ഗാങ്ടോക്: സിക്കിമിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിനുള്ളിൽ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ വാതക ചോർച്ചയിൽ ഏഴുപേർ മരിച്ചു. 18 പേർ തുരങ്കത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേനയുടെയും മറ്റ് സേനാ വിഭാഗങ്ങളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.09 ഓടെ ദക്ഷിണ സിക്കിമിലെ സമർഡുങ് തുരങ്കത്തിലാണ് അപകടം. തുരങ്കത്തിനുള്ളിൽ മീഥെയ്ൻ വാതക ​സ്​ഫോടനത്തെ തുടർന്ന് മണ്ണിടിച്ചിലുണ്ടാകുകയായിരുന്നു. നാഷനൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷൻ (എൻ.എച്ച്.പി.സി) ജീവനക്കാർ ഉൾപ്പെടെ 25 തൊഴിലാളികളാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്. ഇവരിൽ ഏഴുപേർ മരിച്ചതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. തുരങ്കത്തിന്റെ പ്രവേശന കവാടം അടഞ്ഞത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.

പർഗേൽ എൻജിനീയറിങ് കമ്പനി നാംചി ജില്ലയിലെ തീസ്ത സ്റ്റേജ് -ആറ് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കമാണിത്. തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിൽ വഴി തടസ്സപ്പെടുത്തുകയും നിരവധി തൊഴിലാളികൾ കുടുങ്ങാൻ ഇടയാക്കുകയും ചെയ്തു. വാതക ചോർച്ച, കുറഞ്ഞ ഓക്സിജൻ അളവ്, മോശം ദൃശ്യപരത, ഇടുങ്ങിയ പാത എന്നിവ രക്ഷാ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.

ഭൂഗർഭ പാളികളിൽ നിന്നോ പാറക്കെട്ടുകളിൽ നിന്നോ സ്വാഭാവികമായി പുറത്തുവരുന്നന്ന മീഥെയ്ൻ വാതകം തുരങ്കത്തിനുള്ളിൽ ഏകദേശം 1.5 കിലോമീറ്റർ ചുറ്റളവിൽ അടിഞ്ഞുകൂടിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കുടുങ്ങിയ വാതകം പുറത്തേക്ക് വിടാനുള്ള ശ്രമത്തിനിടെ ഒരു സ്ഫോടനം ഉണ്ടായതായും അത് മണ്ണിടിച്ചിലിന് കാരണമായതായും തുരങ്കത്തിന്റെ പ്രവേശന കവാടം അടയുകയുമായിരുന്നുവെന്നാണ് വിവരം. സംഭവത്തിന് തൊട്ടുപിന്നാലെ ചില തൊഴിലാളികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും നിരവധിപേർ അകത്ത് കുടുങ്ങുകയായിരുന്നു. വാതക ചോർച്ച കാരണം സുരക്ഷാ മുൻകരുതലുകളില്ലാതെ ഉദ്യോഗസ്ഥർക്ക് ബാധിത പ്രദേശത്തേക്ക് പ്രവേശിക്കാൻ സാധിച്ചിട്ടില്ല.

തുരങ്കത്തിനുള്ളിൽ മീഥെയ്ൻ വാതകത്തിന്റെ സാന്നിധ്യവും ഓക്സിജന്റെ അളവും കുറവായതിനാൽ രക്ഷാപ്രവർത്തകർക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെത്തുടർന്ന് ഫയർ ആൻഡ് എമർജൻസി സർവീസസ് നടത്തിയ പ്രാരംഭ രക്ഷാപ്രവർത്തനം ഉപേക്ഷിച്ചിരുന്നു. നിലവിൽ നാഷനൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സ്, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സ്, സിക്കിം പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

Tags:    
News Summary - 7 workers killed several trapped after explosion in Sikkim tunnel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.