കൊൽക്കത്ത: കൊൽക്കത്തയിൽ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത‍്യ (എ.എ.ഐ) റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഇടിമിന്നലിൽ കൊൽക്കത്ത വിമാനത്തവളത്തിൽ വച്ച് മിന്നലേൽക്കുകയായിരുന്നു. അഗർത്തലയിലേക്ക് പോകാനിരുന്ന ഇൻഡിഗോയുടെ 6E6068 (VT-IPW) എന്ന വിമാനത്തിനാണ് മിന്നലേറ്റത്. പ്രദേശത്ത് നിലനിന്നിരുന്ന ശക്തമായ ഇടിമിന്നലും മഴയും മൂലം എയർപോർട്ട് ഓപ്പറേഷൻസ് കൺട്രോൾ സെന്റർ (എ.ഒ.സി.സി) നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. മിന്നലേറ്റത് മൂലം വിമാനത്തിന്റെ വൈദ്യുതി സംവിധാനം തകർന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
141 യാത്രക്കാരും ആറ് ജീവനക്കാരുമാണ് സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്നത്. മുൻകരുതൽ നടപടിയുടെ ഭാഗമായി വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ പുറത്തിറക്കി. പിന്നീട് മറ്റൊരു വിമാനം അഗർത്തലയിലേക്ക് സർവീസ് നടത്തുകയായിരുന്നു. രാവിലെ 9.20 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം യാത്രക്കാരുമായി 12.50 ഓടെയാണ് കൊൽക്കത്തയിൽ നിന്ന് പുറപ്പെട്ടത്. സംഭവത്തിൽ രണ്ട് ഗ്രൗണ്ട് ജീവനക്കാർക്ക് ചെറിയ തോതിൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനക്ക് ശേഷം ഇവർ ആശുപത്രി വിട്ടു. വെള്ളിയാഴ്ച രാവിലെ മുതൽ കൊൽക്കത്തയിലും മറ്റും ശക്തമായ ഇടിമിന്നലോടു കൂടിയ മഴ തുടരുകയാണ്. ഇത് പലയിടത്തും വെള്ളക്കെട്ടിനും ഗതാഗത തടസ്സങ്ങൾക്കും കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.