ചണ്ഡീഗഡ്: ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനത്തിൽനിന്ന് തീ പടർന്നതിനെത്തുടർന്ന് യാത്രികരെ ഒഴിപ്പിച്ചു. ചണ്ഡീഗഡിലെ ഷഹീദ് ഭഗത് സിങ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
ഒരു യാത്രക്കാരൻ തന്റെ പവർ ബാങ്കിന് തീപിടിച്ചതായി വിമാന ജീവനക്കാരെ അറിയിച്ചതിനെ തുടർന്നാണ് ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയത്. 198 യാത്രക്കാരും ആറ് ജീവനക്കാരും സഞ്ചരിച്ചിരുന്ന ഇൻഡിഗോ വിമാനം ലാൻഡ് ചെയ്ത ഉടനെയായിരുന്നു സുരക്ഷാ അലാറം മുഴങ്ങിയത്. ആളുകളെ ഒഴിപ്പിക്കുന്നതിനിടെ ഒരാൾക്ക് പരിക്കേറ്റതൊഴിച്ചാൽ മറ്റ് അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വിമാനം ഹൈദരാബാദിൽനിന്ന് പറന്നുയർന്ന് ഉച്ചകഴിഞ്ഞ് 3.29നാണ് ചണ്ഡീഗഡ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ തീ പടരുന്നത് ശ്രദ്ധയിൽപ്പെടുകയും തീ അണയ്ക്കാൻ ക്രൂ അംഗങ്ങൾ വേഗത്തിൽ പ്രവർത്തിക്കുകയും ചെയ്തതാണ് വൻ അപകടം ഒഴിവാക്കിയത്. തീ അണച്ചപ്പോഴേക്കും ക്യാബിനിനുള്ളിൽ പുക പടർന്നിരുന്നു.
മുൻകരുതൽ എന്ന നിലയിൽ അടിയന്തര പ്രോട്ടോക്കോളുകൾ സജീവമാക്കി ക്രൂ അംഗങ്ങൾ എമർജൻസി എക്സിറ്റ് വാതിലുകൾ തുറന്ന് എയർ സ്ലൈഡുകൾ ഉപയോഗിച്ച് യാത്രക്കാരെ ഒഴിപ്പിക്കുകയായിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ ഫയർ ടീം സംഭവസ്ഥലത്തെത്തിയപ്പോഴേക്കും സ്ഥിതി നിയന്ത്രണവിധേയമായിരുന്നു. വിമാനത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ പരിശോധനകൾക്ക് വിധേയമാക്കുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.