ന്യൂഡൽഹി: പാർലമെന്റ് സ്തംഭനം രണ്ടാഴ്ചയായി തുടരുന്നതിനിടെ കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു സമവായ നീക്കവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പാർലമെന്റിലെ അദ്ദേഹത്തിന്റെ ഓഫിസിൽ പോയി കണ്ട് ചർച്ച നടത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിൽ പാർലമെന്റ് സമ്മേളിക്കുന്നതിന് 10 മിനിറ്റ് മുമ്പ് തുടങ്ങിയ ചർച്ച 50 മിനിറ്റ് നീണ്ടുനിന്നു.
ചോദ്യപേപ്പർ ചോർച്ചക്കെതിരെ സമരം നടത്തിയ വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തുക, രാമക്ഷേത്ര കൊള്ളയിൽ സഭയിൽ ചർച്ച അനുവദിക്കുക എന്നീ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്ന് ലോക്സഭയും രാജ്യസഭയും പ്രതിപക്ഷം തുടർച്ചയായി സ്തംഭിപ്പിച്ച് വരുകയാണ്. അതോടൊപ്പം പാർലമെന്റിന് പുറത്തും പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. ബുധനാഴ്ച രാവിലെ പഴയ പാർലമെന്റ് മന്ദിരത്തിന്റെ പിന്നിലുള്ള ഗാന്ധി പ്രതിമക്ക് സമീപത്തുനിന്ന് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മുഖ്യ കവാടമായ മകരദ്വാറിലേക്ക് ‘അമിത് ഷാ മറുപടി പറയൂ’ എന്ന കൂറ്റൻ ബാനറുമേന്തി രാഹുലിന്റെ നേതൃത്വത്തിൽ പ്രകടനമായി വന്നായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇതിന് പിന്നാലെയാണ് റിജിജു രാഹുലിന്റെ ഓഫിസിലെത്തിയത്.
പാർലമെന്റ് സ്തംഭനത്തിന് പുറമെ എഫ്.സി.ആർ.എ, മണ്ഡല പുനർ നിർണയ ബില്ലുകളടക്കം എല്ലാ വിഷയങ്ങളും ചർച്ച ചെയ്തുവെന്നും ചർച്ച ക്രിയാത്മകമായിരുന്നുവെന്നും കിരൺ റിജിജു പറഞ്ഞു. രാഹുലും പ്രിയങ്കയും ചർച്ചയിൽ പങ്കെടുത്തുവെന്നും സുപ്രധാന വിഷയങ്ങളിൽ ഇരുവരും ഒരേ നിലപാടാണ് കൈക്കൊണ്ടതെന്നും റിജിജു തുടർന്നു. എന്നാൽ, ഉന്നയിച്ച രണ്ട് ആവശ്യങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും എഫ്.സി.ആർ.എ, മണ്ഡല പുനർ നിർണയ ബിൽ എന്നിവയെ പിന്തുണക്കുന്ന പ്രശ്നമില്ലെന്നും രാഹുൽ ഗാന്ധി കിരൺ റിജിജുവിനോട് പറഞ്ഞുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
മണ്ഡല പുനർ നിർണയ ബിൽ വീണ്ടും കൊണ്ടുവന്ന് പാസാക്കാനുള്ള തീവ്രപരിശ്രമത്തിലാണ് സർക്കാർ. ‘50 ശതമാനം മണ്ഡല വർധനവ് എല്ലാ സംസ്ഥാനങ്ങൾക്കും’ എന്ന ഭേദഗതിയോടെ ഡി.എം.കെ, എൻ.സി.പി പോലുള്ള കക്ഷികളുടെ പിന്തുണ കൂടി നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.