ന്യൂഡൽഹി: കോടതിനടപടികളുടെ ഓഡിയോ, വീഡിയോ ദൃശ്യങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി സുപ്രീംകോടതി. എന്നാൽ, ഇത്തരം വാർത്തകളായി റിപ്പോർട്ട് ചെയ്യുന്നതിന് തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കി. മുൻ ഉത്തരവിലെ ആശയക്കുഴപ്പം പരിഹരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കോടതി നടപടികളിലെ മാധ്യമ റിപ്പോർട്ടിങ്ങിൽ സുപ്രധാന വിശദീകരണം നൽകിയത്.
അംഗീകൃത മാധ്യമങ്ങൾക്ക് കോടതിനടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ലൈവ് സ്ട്രീമിങ്ങിന്റെയും കോടതി നടപടികളുടെ റെക്കോർഡിങ്ങിന്റെയും നിയമസാധുത ചോദ്യം ചെയ്തുള്ള ഹരജികൾ പരിഗണിക്കവേയാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്. കേസിൽ തുടർന്നുള്ള വാദം കേൾക്കൽ സെപ്തംബർ 18ലേക്ക് സുപ്രീംകോടതി മാറ്റി.
ജൂലൈ 24ലെ ഇടക്കാല ഉത്തരവിലെ പത്താം ഖണ്ഡിക അനുസരിച്ചുള്ള നിയന്ത്രണങ്ങൾ മാധ്യമങ്ങൾക്ക് ബാധകമായിരിക്കും. രജിസ്ട്രാർ ജനറലിന്റെയോ സുപ്രീംകോടതി സെക്രട്ടറി ജനറലിന്റെയോ മുൻകൂർ അനുമതിയില്ലാതെ കോടതി നടപടികളുടെ ഓഡിയോ-വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ പ്രചരിപ്പിക്കാനോ, എഡിറ്റ് ചെയ്യാനോ, മോണിറ്റൈസ് (പണമാക്കൽ) ചെയ്യാനോ പാടില്ലെന്ന് പത്താം ഖണ്ഡിക വ്യക്തമാക്കുന്നുണ്ട്. മുൻ ഉത്തരവ് മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള പൂർണ വിലക്കായി തെറ്റിദ്ധരിക്കപ്പെട്ട സാഹചര്യത്തിലാണ് കോടതി വിശദീകരണം നൽകിയത്.
ദൃശ്യങ്ങൾ പൂർണമായി നിരോധിക്കുന്നതിനെതിരെ വിവരാവകാശ പ്രവർത്തകർ നൽകിയ ഇടപടൽ ഹരജിയും കോടതി ഫയലിൽ സ്വീകരിച്ചു. മാധ്യമപ്രവർത്തകയായ ഹർഷിത ഗ്രോവർ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് സുപ്രീംകോടതി നിലവിൽ വാദം കേൾക്കുന്നത്. കോടതിനടപടികളുടെ ഭാഗികമായ ദൃശ്യങ്ങൾ തെറ്റായ സന്ദർഭങ്ങളിൽ പ്രചരിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനെയും ജനങ്ങളുടെ വിശ്വാസ്യതയെയും ബാധിക്കുന്നുവെന്നാണ് ഹരജിയിലെ പ്രധാന വാദം. വിഷയത്തിൽ കേന്ദ്ര സർക്കാറിനോടും ഇന്റർമീഡിയറികളോടും ഹൈകോടതികളോടും നിലപാട് വ്യക്തമാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.