ജയ്പൂർ: രാജസ്ഥാൻ സർക്കാർ നിർദേശിച്ച ഏകീകൃത പൗരനിയമം നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ ഗൗരവമായ ആശങ്ക രേഖപ്പെടുത്തി സ്റ്റുഡന്റ്സ് ഇസ്‍ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ രാജസ്ഥാൻ ഘടകം. വ്യക്തമായ കരട് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാതെ, ചോദ്യാവലിയിലൂടെ മാത്രം അഭിപ്രായങ്ങൾ ശേഖരിക്കുന്നത് സുതാര്യവും ജനാധിപത്യപരവുമായ പ്രക്രിയയുടെ ആത്മാവിന് അനുസൃതമല്ലെന്ന് സംഘടന വ്യക്തമാക്കി.
ഇന്ത്യൻ ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ ഓരോ പൗരനും തന്റെ മതം ആചരിക്കാനും മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ട്. വിവിധ സമുദായങ്ങളുടെ മതപരവും നിയമപരവുമായ പാരമ്പര്യങ്ങളെ ബാധിക്കുന്ന ഏതൊരു നിയമവും അതീവ ജാഗ്രതയോടെയും വിപുലമായ സംവാദങ്ങളിലൂടെയും ഭരണഘടനാ മൂല്യങ്ങൾക്ക് അനുസൃതമായ ആലോചനകൾക്ക് ശേഷവും മാത്രമേ കൊണ്ടുവരാവൂ എന്ന് എസ്.ഐ.ഒ ചൂണ്ടിക്കാട്ടി.
എസ്. ഐ.ഒ, ജമാഅത്തെ ഇസ്‌ലാമി രാജസ്ഥാൻ പ്രതിനിധി സംഘം യു.സി.സി കമ്മിറ്റിക്ക് മുമ്പാകെ മെമൊറാണ്ടം സമർപ്പിക്കുന്നു
വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, പൊതുക്ഷേമം തുടങ്ങിയ ജനജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയങ്ങൾക്കായിരിക്കണം സർക്കാരിന്റെ മുൻഗണനയെന്നും, സമൂഹത്തിൽ അനാവശ്യമായ ആശങ്കകൾ സൃഷ്ടിക്കുന്ന വിഷയങ്ങൾക്കല്ല മുൻഗണന നൽകേണ്ടതെന്നും സംഘടന ഓർമിപ്പിച്ചു.
ഭരണഘടനയുടെ അന്തസത്ത, മതസ്വാതന്ത്ര്യം, ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യം, എല്ലാ പൗരന്മാരുടെയും മൗലികാവകാശങ്ങൾ എന്നിവയെ മാനിച്ചുകൊണ്ട് നിർദേശിച്ച ഏകീകൃത പൗരനിയമം നടപ്പാക്കരുതെന്ന് എസ്.ഐ.ഒ രാജസ്ഥാൻ ഘടകം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
വിഷയത്തിൽ എസ്.ഐ.ഒ, ജമാഅത്തെ ഇസ്‌ലാമി രാജസ്ഥാൻ പ്രതിനിധി സംഘം യു.സി.സി കമ്മിറ്റിക്ക് മുമ്പാകെ മെമൊറാണ്ടം സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.