224 യാത്രക്കാരുമായി വിമാനത്തിന്റെ എമർജൻസി ലാൻഡിങ്; ചെന്നൈ വിമാനത്താവളത്തിൽ അടിയന്തിരാവസ്ഥ
ചെന്നൈ: ചെന്നൈയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിന്റെ ഇടത് എൻജിൻ പ്രവർത്തനരഹിതമായതിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ചൊവ്വാഴ്ച രാത്രി വൈകി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. യാത്രക്കാരും ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന 224 പേരും സുരക്ഷിതരാണ്.
കൊൽക്കത്തയിൽ നിന്നുമെത്തിയ 6E-723 നമ്പർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. രാത്രി 11.30-ഓടെ ലാൻഡ് ചെയ്യാൻ മിനിറ്റുകൾ ബാക്കിനിൽക്കെയാണ് ഇടത് എഞ്ചിൻ നിലച്ചത്. പൈലറ്റ് ഉടൻതന്നെ എയർ ട്രാഫിക് കൺട്രോളിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് 11.29-ഓടെ വിമാനത്താവളത്തിൽ പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും റൺവേയിൽ ആംബുലൻസുകളും ഫയർഫോഴ്‌സും സജ്ജമാക്കുകയും ചെയ്തു.
രാത്രി 11.37-ന് വിമാനം സുരക്ഷിതമായി റൺവേയിൽ തൊട്ടു. തൊട്ടുപിന്നാലെ വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിച്ചു. മറ്റ് വിമാന സർവീസുകളെ ഒന്നും സംഭവം ബാധിച്ചിട്ടില്ല. എഞ്ചിൻ തകരാറിലാകാനുണ്ടായ കാരണം സാങ്കേതിക വിദഗ്ധർ പരിശോധിച്ചു വരികയാണ്.
വിമാനം ഇറക്കിയ ശേഷം യാത്രക്കാരെയെല്ലാം സുരക്ഷിതമായി ടെർമിനലിലേക്ക് മാറ്റി. രാത്രി വൈകിയുണ്ടായ അപ്രതീക്ഷിത സംഭവവികാസങ്ങൾ യാത്രക്കാരിൽ വലിയ ഭീതിയുയർത്തിയിരുന്നു. പൈലറ്റിന്റെ സമയബന്ധിതമായ ഇടപെടലും വിമാനത്താവള അധികൃതരുടെ കൃത്യമായ ഏകോപനവും വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു.
അതേസമയം, എഞ്ചിൻ പെട്ടെന്ന് നിലച്ചുപോകാനുണ്ടായ സാങ്കേതിക കാരണം വ്യക്തമല്ല. വിമാനം നിലവിൽ ചെന്നൈയിൽ തന്നെ നിർത്തിയിട്ടിരിക്കുകയാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ റഗുലേറ്ററി മാനദണ്ഡങ്ങൾ അനുസരിച്ച് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.