ഫലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘകാല നിലപാടിൽ മാറ്റമില്ലെന്ന് വിദേശകാര്യ സെക്രട്ടറി

ന്യൂഡൽഹി: ഫലസ്തീനിനെക്കുറിച്ചുള്ള ഇന്ത്യയുടെ ‘ദീർഘകാല’ നിലപാടിൽ മാറ്റമില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഫലസ്തീനികളെ നീക്കം ചെയ്ത് ഗസ്സയെ അമേരിക്ക ഏറ്റെടുത്ത് ‘മിഡിൽ ഈസ്റ്റിന്റെ റിസോർട്ട്’ ആയി വികസിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന.

‘ഗസ്സ മുനമ്പിൽ ഫലസ്തീൻ വിഷയത്തിൽ ഞങ്ങളുടെ നിലപാട് എന്താണെന്ന് നിങ്ങൾക്ക് അറിയാം. അത് ദീർഘകാലമായി നിലനിൽക്കുന്ന ഒരു സ്ഥാനമാണ്. അത് മാറിയിട്ടില്ല’ -ഒരു വാർത്താ സമ്മേളനത്തിൽ മിസ്രി പറഞ്ഞു. ഫലസ്തീനികളെ ഗസ്സ മുനമ്പിൽനിന്ന് തുടച്ചുനീക്കാനുള്ള ട്രംപിന്റെ നിർദേശത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ഫലസ്തീൻ നയം ദ്വിരാഷ്ട്ര പരിഹാരത്തിനായി വാദിക്കുന്നു. ഇസ്രയേലുമായി സമാധാനപരമായി സഹവസിക്കുന്ന സുരക്ഷിതവും അംഗീകൃതവുമായ അതിർത്തികളുള്ള പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ ഫലസ്തീൻ രാഷ്ട്രം സൃഷ്ടിക്കുന്നത് ഉറപ്പാക്കുന്ന ചർച്ചകളിലൂടെ അത് സാധ്യമാക്കണമെന്ന സമീപനമാണ്  ഇന്ത്യ പുലർത്തി​പ്പോന്നിരുന്നത്.

ട്രംപിന്റെ നിർദേശം ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അന്ത്യം കുറിക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. നേരത്തെ ദ്വിരാഷ്ട്ര പരിഹാരത്തെ പരസ്യമായി എതിർത്തിരുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായുള്ള വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഈ നിർദേശം മുന്നോട്ടുവച്ചത്.

ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുന്ന റിസോർട്ടായി ഗസ്സയെ മാറ്റുമെന്നും ഗസ്സയിൽ നിന്ന് ഈജിപ്തിലേക്കും ജോർദാനിലേക്കും ഫലസ്തീനികളെ പുനഃരധിവസിപ്പിക്കുമെന്നുമായിരുന്നു ട്രംപിന്റെ വാക്കുകൾ. അമേരിക്ക ഗസ്സ സ്ട്രിപ്പ് ഏറ്റെടുക്കുമെന്നും നമ്മളവിടെ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ അഭിപ്രായത്തെ ‘ശ്രദ്ധേയം’ എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്.

എന്നാൽ, ട്രംപിനെർ പ്രസ്താവന പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിനായുള്ള ആഹ്വാനത്തിന് തിരികൊളുത്തി. അമേരിക്കൻ സഹായം ഏറ്റവും കൂടുതൽ സ്വീകരിക്കുന്നവരിൽ ഒരു രാജ്യമായ ഈജിപ്ത്, ഫലസ്തീനികളെ അവരുടെ പ്രദേശം വിട്ടുപോകാൻ നിർബന്ധിക്കരുതെന്ന് വ്യക്തമാക്കി. അടുത്തയാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കെ, ജോർദാൻ രാജാവ് അബ്ദുല്ല ഭൂമി പിടിച്ചെടുക്കലോ ഫലസ്തീൻ കുടിയൊഴിപ്പിക്കലോ ഉൾപ്പെടുന്ന നിർദേശം നിരസിച്ചു.

Tags:    
News Summary - India's 'Long Standing' Position on Palestine Has 'Not Changed,' Says Foreign Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.