ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ നവീകരണ പദ്ധതികളിലൊന്നായ ‘പ്രോജക്ട് 75I’ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശക്തിസമവാക്യത്തിൽ പുതിയ മാറ്റം കൊണ്ടുവരാനുതകുന്നതാണെന്ന് അധികൃതർ അവകാശപ്പെടുന്നു. പാകിസ്താനും ചൈനയും ഉയർത്തുന്ന നാവിക വെല്ലുവിളികൾക്ക് ഇന്ത്യ നൽകുന്ന ശക്തമായ മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്.
ഏകദേശം 8 ബില്യൺ ഡോളർ അഥവാ ഇന്ത്യൻ രൂപയിൽ 72,000 കോടി ചെലവിൽ ആറ് അത്യാധുനിക പരമ്പരാഗത ആക്രമണ സബ്മറീനുകൾ നിർമിക്കാനുള്ളതാണ് ഈ പദ്ധതി. ‘പ്രോജക്ട് 75I’ൽ ഇന്ത്യൻ നാവികസേന അടുത്ത തലമുറയായ ഡീസൽ-ഇലക്ട്രിക് സബ്മറൈനുകൾ നിർമിക്കും. എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൾഷൻ (എ.ഐ.പി)സാങ്കേതികവിദ്യയാണെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. എ.ഐ.പി സബ്മറൈനുകൾക്ക് ദിവസങ്ങളല്ല, ആഴ്ചകളോളം വെള്ളത്തിനടിയിൽ തുടരാൻ കഴിയും. ഉപരിതലത്തിലേക്ക് ഉയരേണ്ട ആവശ്യം വൻതോതിൽ കുറയും. ശത്രുവിന്റെ റഡാറുകൾക്കും സോണാറുകൾക്കും കണ്ടെത്താൻ അതീവ പ്രയാസമാകും. ഇത് സബ്മറൈൻ യുദ്ധത്തിൽ ഇന്ത്യക്ക് വലിയ തന്ത്രപരമായ മേൽക്കൈ നൽകുമെന്നാണ് ഈ രംഗത്തുള്ളവരുടെ അവകാശവാദം.
ഈ പദ്ധതി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് മോഡലിന് കീഴിലാണ് നടപ്പാക്കുന്നത്. ഇതിലൂടെ ‘മേക്ക് ഇൻ ഇന്ത്യ’ ലക്ഷ്യം ശക്തിപ്പെടുത്തുകയും ആഭ്യന്തര പ്രതിരോധ നിർമ്മാണ ശേഷി വർധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് സർക്കാറർ പറയുന്നു.
പാകിസ്താൻ ചൈനയുമായി ചേർന്ന് നിർമിക്കുന്ന ‘ഹാംഗോർ’ ക്ലാസ് സബ്മറൈനുകൾക്കും എ.ഐ.പി സാങ്കേതികവിദ്യയുണ്ട്. ഇതോടെ അറബിക്കടലിൽ പാക്കിസ്താന്റെ സബ്മറൈൻ ശേഷി ഉയരും. ചൈന ഇതിനകം തന്നെ ആണവ ശേഷിയുള്ള സബ്മറൈൻ, അത്യാധുനിക ഡീസൽ-ഇലക്ട്രിക് സബ്മറൈൻ എന്നിവ ഉൾപ്പെടുന്ന വലിയ അണ്ടർസീ ഫ്ലീറ്റ് വികസിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം ഇന്ത്യയുടെ സമുദ്രസുരക്ഷക്ക് വലിയ വെല്ലുവിളിയാണ്. ഈ ഇരട്ട വെല്ലുവിളികൾ കണക്കിലെടുത്താണ് പ്രോജക്ട് 75I ഇന്ത്യയുടെ പ്രതിരോധ തന്ത്രത്തിലെ നിർണായക ആയുധമായി മാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.