ന്യൂഡൽഹി: കോവിഷീൽഡ് വാക്സിെൻറ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള വർധിപ്പിക്കാനുള്ള തീരുമാനത്തെ പിന്തുണച്ചിട്ടില്ലെന്ന് ഇന്ത്യൻ ശാസ്ത്രസംഘം. ദേശീയ സാങ്കേതിക ഉപദേശക സമിതിയിലെ അംഗങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വാക്സിൻ ഇടവേള ആറ് മുതൽ എട്ട് ആഴ്ചയിൽ നിന്ന് 12 മുതൽ 16 ആഴ്ചയാക്കി വർധിപ്പിക്കാനായിരുന്നു തീരുമാനം.
എട്ട് മുതൽ 12 ആഴ്ച വരെയാക്കി വാക്സിൻ ഇടവേള വർധിപ്പിക്കുന്നതിനാണ് അംഗീകാരം നൽകിയതെന്ന് ഉപദേശക സമിതി അംഗം എം.ഡി ഗുപ്ത പറഞ്ഞു. ഇത് ലോകാരോഗ്യസംഘടന അംഗീകരിച്ചതാണ്. എന്നാൽ, വാക്സിൻ ഇടവേള 12 ആഴ്ചയിൽ കൂടുതലായാണ് സർക്കാർ വർധിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് കാര്യമായ പഠനങ്ങൾ നടന്നിട്ടില്ലെന്നും ഉപദേശക സമിതി വ്യക്തമാക്കുന്നു.
വാക്സിൻ ക്ഷാമം മൂലമല്ല ഇടവേള വർധിപ്പിച്ചതെന്നും ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ സാങ്കേതിക ഉപദേശക സമിതിയിലെ ശാസ്ത്രജ്ഞരുടെ പ്രതികരണം. അതേസമയം, വാക്സിൻ ഇടവേള കുറക്കുന്നത് ഫലപ്രാപ്തി വർധിപ്പിക്കുമെന്നും പ്രായം കുടിയവർക്കെങ്കിലും കുറഞ്ഞ ഇടവേളയിൽ വാക്സിൻ നൽകണമെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞർ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.