'ഇനി ഇത്ര വേഗത്തിൽ​ പോകണ്ട'; വന്ദേഭാരത് എക്സ്പ്രസിന്റെ വേഗത കുറക്കുന്നു

വന്ദേഭാരതും ഗതിമാനും ഉൾപ്പടെ ചില പ്രീമിയം ട്രെയിനുകളുടെ വേഗത കുറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ചില റൂട്ടുകളിൽ 160ൽ നിന്നും 130 ആക്കി വേഗത കുറക്കാ​നാണ് റെയിൽവേ ഒരുങ്ങുന്നത്. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ദ ഹിന്ദുവിന്റെ റിപ്പോർട്ട് പ്രകാരം ഇതിനുള്ള ശിപാർശ നോർത്ത്-സെൻട്രൽ റെയിൽവേ റെയിൽബോർഡിന് കൈമാറി.

ട്രെയിൻ നമ്പർ: 12050/12049(ഡൽഹി-ഝാൻസി-ഡൽഹി) ഗതിമാൻ എക്സ്പ്രസ്, 22470/22469(ഡൽഹി-ഖജുരാഹോ-ഡൽഹി) വന്ദേഭാരത് എക്സ്പ്രസ്, 20172/20171(ഡൽഹി-റാണി കമലാപട്ടി-ഡൽഹി) വന്ദേഭാരത് എക്സ്പ്രസ്, 12002/12001 (ഡൽഹി-റാണി കമലാപട്ടി-ഡൽഹി) ശതാബ്ദി എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ വേഗതയാണ് റെയിൽവേ കുറക്കാനൊരുങ്ങുന്നത്.

ശിപാർശ പ്രകാരം വന്ദേഭാരത്, ഗതിമാൻ എക്സ്പ്രസുകളുടെ വേഗത മണിക്കൂറിൽ 160 കിലോ മീറ്ററിൽ നിന്നും 130 ആക്കി കുറക്കും. ശതാബ്ദി എക്സ്പ്രസിന്റെ 150ൽ നിന്നും 130 ആക്കിയാവും കുറക്കുക. സ്പീഡ് കുറക്കുന്നത് വഴി 25 മുതൽ 30 മിനിറ്റ് വരെ യാത്രാസമയം കൂടും.

ചില ട്രെയിനുകളുടെ സ്പീഡ് 130 ആക്കി കുറക്കാനുള്ള ചർച്ചകൾ റെയിൽവേ ബോർഡ് 2023ൽ തന്നെ തുടങ്ങിയിരുന്നു. 2024 ജൂണിലാണ് നോർത്ത് സെൻട്രൽ റെയിൽവേ സ്പീഡ് കുറക്കുന്നതിനായി പുതിയ നിർദേശം സമർപ്പിച്ചത്. മണിക്കൂറിൽ 130 കിലോ മീറ്റർ വേഗതയിലാണ് ഈ ട്രെയിനുകൾക്ക് കൂടുതൽ സുരക്ഷിതമായി ഓടാൻ സാധിക്കുകയെന്നും റെയിൽവേ സേഫ്റ്റി കമീഷണറുടെ വിലയിരുത്തലുണ്ട്.

അതേസമയം, രണ്ട് റെയിൽവേ സോണുകളുടെ ശിപാർശ റെയിൽവേ ബോർഡ് അംഗീകരിക്കാനാണ് സാധ്യതയെന്നും ഹിന്ദു റിപ്പോർട്ട് ചെയ്യു​ന്നു. തീരുമാനം അംഗീകരിച്ചാൽ പത്തോളം ട്രെയിനുകളുടെ സമയത്തിൽ മാറ്റം വന്നേക്കും. കഴിഞ്ഞ ഏതാനം വർഷങ്ങളായി ട്രെയിൻ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ മുൻനിർത്തി തീവണ്ടികളുടെ വേഗത കുറക്കാനുള്ള ചർച്ചകൾ റെയിൽവേയിൽ സജീവമായത്.

Tags:    
News Summary - Indian Railways reduce speed of Vande Bharat and Gatiman Express

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.