ന്യൂഡൽഹി: ഇന്ത്യ-താലിബാൻ കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങി. അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്താൻ ഉന്നത ഉദ്യോഗസ്ഥരെ കാബൂളിലേക്കയച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ജെ.പി സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചകൾ നടത്തുക. പാകിസ്താൻ,അഫ്ഗാൻ,ഇറാൻ എന്നീ രാജ്യങ്ങളുടെ ചുമതലയാണ് സിങ്ങിനുള്ളത്. അഫ്ഗാനിൽ അഷ്റഫ് ഗനി സർക്കാരിന്റെ പതനശേഷം ആദ്യമായാണ് ഇന്ത്യൻ സംഘം അഫ്ഗാൻ സന്ദർശനത്തിനൊരുങ്ങുന്നത് എന്നതും ശ്രദ്ധേയം. ''ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥസംഘം മുതിർന്ന താലിബാൻ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചക്കിടെ അഫ്ഗാനിലെ ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കുന്നതു സംബന്ധിച്ചും ചർച്ച നടത്തും''-വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സഹായം ചെയ്യാൻ ഉദ്ദേശിക്കുന്ന മേഖലകൾ സംഘം സന്ദർശിക്കുകയും ചെയ്യും. ഇന്ത്യ മാനുഷിക സഹായമായി 20,000 ടൺ ഗോതമ്പും 13 ടൺ മരുന്നുകളും 500,000 ഡോസ് കോവിഡ് വാക്സിനും തണുപ്പിൽ നിന്ന് രക്ഷതേടാനുള്ള വസ്ത്രങ്ങളും അഫ്ഗാനിലേക്ക് അയച്ചിരുന്നു. മരുന്നുകളും ഭക്ഷ്യധാന്യങ്ങളുമടക്കമുള്ള കൂടുതൽ സഹയങ്ങൾ അയക്കാനിരിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
താലിബാൻ അധികാരമേറ്റെടുത്തതോടെ അഫ്ഗാനിൽ ജനജീവിതം കൂടുതൽ ദുഃസ്സഹമായിരിക്കയാണ്. ദാരിദ്യ്രവും തൊഴിലില്ലായ്മയും റോക്കറ്റുപോലെ കുതിച്ചുയർന്നു. യു.എസ് സൈന്യം പിൻമാറിയതിനു പിന്നാലെയാണ് താലിബാൻ അഫ്ഗാനിൽ ഭരണം പിടിച്ചെടുത്തത്. താലിബാൻ ഭരണമേറിയതോടെ ഇന്ത്യ അഫ്ഗാനിലെ എംബസി അടച്ചുപൂട്ടി ഉദ്യോഗസ്ഥരെ പിൻവലിച്ചിരുന്നു. പാകിസ്താൻ അഫ്ഗാനിൽ കൂടുതൽ സ്വാധീനം വർധിപ്പിക്കുന്നതു കണ്ട് നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ചും ഇന്ത്യ ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.