വിശാഖപട്ടണം: ഹിന്ദുസ്ഥാൻ ഷിപ് യാർഡ് ലിമിറ്റഡിന്‍റെ അത്യാധുനിക ആഴക്കടൽ രക്ഷാകപ്പലായ ‘നിപുൺ’ ഇന്ത്യൻ നാവികസേനക്കായി കൈമാറി. ഇത് രണ്ടാം തവണയാണ് വിശാഖപട്ടണത്ത് നിർമ്മിച്ച ആഴക്കടൽ രക്ഷാകപ്പൽ ഇന്ത്യൻ നാവികസേനക്കായി കൈമാറുന്നത്.
നഗരത്തിന്റെ കപ്പൽ നിർമാണ ശേഷി ഏറെ മുന്നേറിയതിന്റെ തെളിവാണ് ഈ നേട്ടം. ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിങിന്റെ(ഐ.ആർ.എസ്) ക്ലാസിഫിക്കേഷൻ ചട്ടങ്ങൾക്കനുസൃതമായാണ് ഈ കപ്പൽ രൂപകൽപന ചെയ്യുകയും നിർമിക്കുകയും ചെയ്തിരിക്കുന്നത്. വെസ്റ്റേൺ നേവൽ കമാൻഡിലെ ചീഫ് സ്റ്റാഫ് ഓഫീസറും ഡി448 കമ്മിറ്റി ചെയർമാനുമായ റിയർ അഡ്മിറൽ അർവിന്ദ് റാവൽ, വി.എസ്.എം, എച്ച്.എസ്.എൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റിയർ അഡ്മിറൽ ചന്ദ്രശേഖരൻ രഘുറാം, റിട്ട. വി.എസ്.എം എന്നിവരുടെ സാന്നിധ്യത്തിൽ രേഖയിൽ ഒപ്പുവെച്ചതോടെയാണ് കപ്പൽ കൈമാറ്റം പൂർത്തിയായത്.
ആദ്യ ആഴക്കടൽ രക്ഷാകപ്പലായ ഐ.എൻ.എസ് നിസ്താർ കൈമാറിയതിന് ഏകദേശം ഒരു വർഷം തികയുന്നതിനിടെയാണ് പുതിയ കൈമാറ്റം നടന്നിരിക്കുന്നത്.
‘നിപുൺ’ എന്ന പേര് സംസ്കൃതത്തിൽ നിന്നുള്ളതാണ്. ഒരു പ്രത്യേക മേഖലയിൽ പ്രാവീണ്യവും കഴിവും ആഴത്തിലുള്ള അറിവും നേടിയ വ്യക്തിയെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ആഴക്കടൽ ഡൈവിങ് പ്രവർത്തനങ്ങളും കടലിലെ രക്ഷാപ്രവർത്തനങ്ങളും നിർവഹിക്കുന്നതിനായി നിർമിച്ചതാണ് ഈ കപ്പൽ. ‘നിപുൺ’ ഒരു മികച്ച എഞ്ചിനീയറിംഗ് നേട്ടമായാണ് അധികൃതർവിലയിരുത്തുന്നത്. 118 മീറ്റർ നീളവും 8,560 ടണ്ണിലധികം ഭാരശേഷിയുമുള്ള ഈ കപ്പലിന്റെ 80 ശതമാനത്തിലധികം ഘടകങ്ങളും തദ്ദേശീയമായി നിർമിച്ചതാണ്. ഡൈനാമിക് പൊസിഷനിങ്, സാച്ചുറേഷൻ ഡൈവിങ്, സബ്മറൈൻ രക്ഷാപ്രവർത്തനം, ആഴക്കടൽ ഇടപെടൽ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് ‘നിപുൺ’ സജ്ജീകരിച്ചിരിക്കുന്നത്. സമുദ്രാന്തർ പ്രവർത്തനങ്ങൾക്കായുള്ള സമഗ്രമായ പ്ലാറ്റ്‌ഫോമായാണ് നാവികസേന ഇതിനെ വിശേഷിപ്പിക്കുന്നത്.
അത്യാധുനിക ഡൈവിങ് ഉപകരണങ്ങളോടെയാണ് ‘നിപുൺ’ സജ്ജീകരിച്ചിരിക്കുന്നത്. സൈഡ് ഡൈവിങ്ങ് സ്റ്റേജിന്റെ സഹായത്തോടെ ആഴക്കടൽ സാച്ചുറേഷൻ ഡൈവിങ് പ്രവർത്തനങ്ങൾ നടത്താനും ഈ കപ്പലിന് കഴിയും. വിദൂര നിയന്ത്രിത വാഹനങ്ങൾ (ആർ.ഒ.വി) ഉപയോഗിച്ച് ഡൈവർമാരെ നിരീക്ഷിക്കാനും ആഴക്കടൽ രക്ഷാപ്രവർത്തനങ്ങൾ നടത്താനും സാധിക്കുന്നതിലൂടെ കപ്പലിന്റെ പ്രവർത്തനശേഷി കൂടുതൽ വിപുലീകരിക്കാനാകും. ഇതിനുപുറമെ, ഡീപ്പ് സബ്‌മെർജൻസ് റെസ്ക്യൂ വെസലിന്റെ (ഡി.എസ്.ആർ.വി) ‘മദർ ഷിപ്പ്’ ആയി പ്രവർത്തിക്കുന്നതിനായാണ് ‘നിപുൺ’ രൂപകൽപന ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.