ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ ആശങ്കയും നിരാശയും പ്രകടിപ്പിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). ചോദ്യപേപ്പർ ചോർച്ചയെ അപലപിക്കുകയും ഐ.എം.എ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ)യ്ക്കും അതിൽ ഉൾപ്പെട്ട കുറ്റവാളികൾക്കുമെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. നാല് വർഷത്തിനിടെ, എൻ.ടി.എ നടത്തുന്ന നീറ്റ് ബിരുദ പരീക്ഷകളിൽ വിവാദം ആവർത്തിക്കുകയാണ്. പേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും കാരണം രണ്ട് തവണ റദ്ദാക്കിയതായും സംഘടന ചൂണ്ടിക്കാട്ടി.
"ഇത്തരം സംഭവങ്ങൾ ഈ ഉയർന്ന മത്സരാധിഷ്ഠിത പരീക്ഷയ്ക്കായി വർഷങ്ങളോളം ആത്മാർഥമായ തയ്യാറെടുപ്പ് നടത്തുന്ന 22.5 ലക്ഷത്തിലധികം വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ മാനസിക ആഘാതം, സമ്മർദം, ബുദ്ധിമുട്ട്, അനിശ്ചിതത്വം എന്നിവയ്ക്ക് കാരണമായിട്ടുണ്ട്," ഐ.എം.എ പ്രസ്താവനയിൽ പറയുന്നു. എല്ലാ വർഷവും ഉദ്യോഗാർഥികളുടെ എണ്ണം വർധിച്ചുവരുന്നതിനാൽ, രാജ്യത്തുടനീളം ഒരു ദിവസം ഫിസിക്കൽ ചോദ്യപേപ്പറുകൾ ഉപയോഗിച്ച് നീറ്റ് പരീക്ഷ നടത്തുന്നത് വളരെ വെല്ലുവിളി നിറഞ്ഞ ജോലിയാണ്.
പരീക്ഷയുടെ നടത്തിപ്പ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുതാര്യമായി വികേന്ദ്രീകരിക്കുക, എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഓൺലൈൻ മോഡിൽ നീറ്റ് യുജി നടത്തുക, ചോദ്യപേപ്പർ ചോർച്ചയിൽ എല്ലാ കുറ്റവാളികളെയും അറസ്റ്റ് ചെയ്യുക, വിശ്വസനീയവും സമയബന്ധിതവുമായ അന്വേഷണം ഉറപ്പാക്കുക, വാദം കേൾക്കലുകൾക്കായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.