ന്യൂഡൽഹി: ലേയ്സ് ചിപ്സ് നിർമിക്കാൻ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങിന്‍റെ പേറ്റന്‍റ് റദ്ദാക്കിയതിനെതിരെ നിർമാതാക്കളായ പെപ്സികൊ സമർപ്പിച്ച ഹരജി തള്ളി ഡൽഹി ഹൈകോടതി. ലേയ്സ് നിർമിക്കാനുപയോഗിക്കുന്ന എഫ്.സി-5 എന്നയിനം ഉരുളക്കിഴങ്ങിന്‍റെ പേറ്റന്‍റ് 2021ൽ റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് ന്യൂയോർക് ആസ്ഥാനമായ ബഹുരാഷ്ട്ര സ്ഥാപനമായ പെപ്സികൊ ഹരജിയുമായി പോയത്.
കർഷകരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന കവിത കുരുഗാന്തി എന്ന ആക്ടിവിസ്റ്റാണ് ലേയ്സിന്‍റെ പേറ്റന്‍റ് റദ്ദാക്കാൻ ഇടപെട്ടത്. 1985ലാണ് പെപ്സികൊ ആദ്യമായി തങ്ങളുടെ ഉരുളക്കിഴങ്ങ് ചിപ്സ് പ്ലാന്‍റ് ഇന്ത്യയിൽ സ്ഥാപിച്ചത്. എഫ്.സി-5 ഇനം ഉരുളക്കിഴങ്ങ് വിത്ത് കർഷകർക്ക് നൽകി, വിളവ് നിശ്ചിത വിലക്ക് തിരികെ വാങ്ങിയാണ് ചിപ്സ് ഉൽപാദിപ്പിച്ചിരുന്നത്. എന്നാൽ, കർഷകർ ഇത് മറ്റാവശ്യങ്ങൾക്കും ഉൽപാദിപ്പിക്കുന്നുവെന്ന് കണ്ടതിനെ തുടർന്നാണ് പെപ്സികൊ നിയമപരമായി നീങ്ങിയത്.
തങ്ങൾ പ്രത്യേകമായി ഉൽപാദിപ്പിച്ചതാണ് എഫ്.സി-5 ഇനം ഉരുളക്കിഴങ്ങെന്നും 2016ൽ രജിസ്റ്റർ ചെയ്തതാണെന്നും പെപ്സികൊ വാദിച്ചിരുന്നു. എന്നാൽ പേറ്റന്‍റ് അവകാശം 2021ൽ തള്ളി.
ഇന്ത്യയിൽ വിത്തിനങ്ങൾക്ക് പേറ്റന്‍റ് അവകാശപ്പെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതിനെതിരെ ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച ഹരജി ജസ്റ്റിസ് നവീൻ ചൗള തള്ളിയത്. ഇന്ത്യയിലെ നിയമപ്രകാരം വിത്ത്, സസ്യം, സസ്യഭാഗങ്ങൾ എന്നിവക്ക് പേറ്റന്‍റ് അവകാശപ്പെടാനാകില്ല.
എഫ്.സി-5 ഇനം ഉരുളക്കിഴങ്ങ് ഉൽപ്പാദിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2019ൽ പെപ്സികൊ ഏതാനും കർഷകർക്കെതിരെ കേസ് കൊടുത്തിരുന്നു. പേറ്റന്‍റ് ലംഘിച്ചതിന് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഏതാനും മാസങ്ങൾക്കകം ഈ കേസ് പെപ്സികൊ തന്നെ പിൻവലിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.