വിദ്യാർഥിയെ ടീച്ചർ മതംമാറ്റിയെന്നാരോപിച്ച് യു.പിയിൽ കത്തോലിക്ക സ്കൂൾ എ.ബി.വി.പി ഉപരോധിച്ചു

ലഖ്നോ: വിദ്യാർഥിയെ അധ്യാപിക ക്രിസ്തുമതത്തിലേക്ക് പരിവർത്തിപ്പിച്ചു എന്നാരോപിച്ച് ഉത്തർപ്രദേശിൽ കത്തോലിക്കാ സ്കൂൾ എ.ബി.വി.പി ഉപരോധിച്ചു. കാൺപൂർ കന്റോൺമെന്റ് ഏരിയയിലെ സെന്റ് അലോഷ്യസ് ഹൈസ്കൂളിന് മുന്നിലാണ് ബി.ജെ.പിയുടെ വിദ്യാർഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് (എ.ബി.വി.പി) പ്രതിഷേധിച്ചത്. മതപരിവർത്തന നിരോധന നിയമം ലംഘിച്ചതിന് അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് എ.ബി.വി.പി ആവശ്യപ്പെട്ടു.

സ്‌കൂൾ വളപ്പിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ സൈനിക ഉദ്യോഗസ്ഥർ പിന്തിരിപ്പിച്ചതായി സ്കൂൾ നടത്തുന്ന അലഹബാദ് രൂപതയുടെ പബ്ലിക് റിലേഷൻസ് ഓഫിസർ ഫാ. റെജിനാൾഡ് ഡിസൂസ പറഞ്ഞു. ആരോപണ വിധേയയായ അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു.

പത്താംക്ലാസ് വിദ്യാർഥിയെ ദിവസവും അടുത്തുള്ള ചർച്ചിൽ കൊണ്ടുപോയി ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. ഒക്ടോബർ ഒന്നിന് കുട്ടി ക്രിസ്തുമതം സ്വീകരിച്ചതായി പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

എന്നാൽ, കഴിഞ്ഞ 75 വർഷമായി പ്രവർത്തിക്കുന്ന, നിരവധി പ്രമുഖർ പഠിച്ചിറങ്ങിയ സ്കൂളിനെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാ. വാൾട്ടർ ഡിസൂസ പറഞ്ഞു. ആരോപണം കേട്ട് തങ്ങൾ ആശ്ചര്യപ്പെട്ടതായും ഞായറാഴ്ചകളിൽ മാത്രം തുറക്കുന്ന പള്ളിയിൽ ദിവസവും കൊണ്ടുപോയി എന്നത് കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ പരിസരത്ത് സി.സി.ടി.വി കാമറകളു​ണ്ടെന്നും ദൃശ്യങ്ങൾ പൊലീസിന് പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

മതം മാറിയ ശേഷം കുട്ടിയുടെ സ്വഭാവം മാറിയെന്നും ഇപ്പോൾ കൗൺസലിങ് നൽകുകയാണെന്നും രക്ഷിതാവ് പരാതിയിൽ പറഞ്ഞു. പരാതി പോലീസ് അന്വേഷിക്കുകയാണെന്ന് കാൺപൂർ അസി. പൊലീസ് കമ്മീഷണർ ബ്രജ് നരേൻ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കഴിഞ്ഞ എട്ട് മാസത്തിനിടെ ഉത്തർപ്രദേശിൽ ക്രിസ്ത്യാനികൾക്കെതിരായ 104 അക്രമ സംഭവങ്ങൾ അരങ്ങേറിയതായി

ന്യൂഡൽഹി ആസ്ഥാനമായുള്ള യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) ചൂണ്ടിക്കാട്ടി. ഇതേ കാലയളവിൽ രാജ്യത്ത് ക്രിസ്ത്യാനികൾക്കെതി​രെ 525 പീഡന സംഭവങ്ങളാണ് അരങ്ങേറിയത്.

Tags:    
News Summary - Indian Catholic school teacher faces 'conversion' allegation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.