മോദി ട്രംപ് കൂടിക്കാഴ്ചക്കു മുമ്പ് ആയുധ കരാറിൽ യു.എസുമായി തിരക്കിട്ട ചർച്ചയിൽ ഇന്ത്യ

 ന്യൂഡൽഹി: ഈ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കെ, യുദ്ധ വാഹനങ്ങളുടെ വാങ്ങലിനും സഹ നിർമാണത്തിനും ഒരു യുദ്ധവിമാന എൻജിൻ കരാറിന് അന്തിമരൂപം നൽകാനും ഇരു രാജ്യങ്ങളും ചർച്ച നടത്തുന്നതായി റിപ്പോർട്ട്. ‘ജനറൽ ഡൈനാമിക്‌സ്’ നിർമിച്ചതും യു.എസ് ആർമി ഉപയോഗിക്കുന്നതുമായ സ്‌ട്രൈക്കർ കോംബാറ്റ് വാഹനങ്ങളുടെ കോ പ്രൊഡക്ഷൻ സംബന്ധിച്ച് ഇന്ത്യയും അമേരിക്കയും നീണ്ട ചർച്ചയിലാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യൻ എയർഫോഴ്സിനായി ഇന്ത്യയിൽ ഫൈറ്റർ ജെറ്റ് എൻജിനുകളുടെ കോ പ്രൊഡക്ഷൻ സംബന്ധിച്ച 2023ൽ ധാരണയായ കരാർ ചർച്ചകൾ പൂർത്തിയാക്കാനും ഇരുവരും ശ്രമിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയുടെ പൊതു ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥർ യു.എസ് ഉദ്യോഗസ്ഥരുമായും ജി.ഇ-414 എൻജിനുകളുടെ നിർമാതാക്കളായ ജനറൽ ഇലക്ട്രിക്കിന്റെ എയ്‌റോസ്‌പേസ് യൂനിറ്റുമായും മാർച്ചോടെ കരാർ പൂർത്തിയാക്കുന്നതിനുള്ള ചർച്ചകൾക്കായി വരും ആഴ്ചകളിൽ കൂടിക്കാഴ്ച നടത്തും.

‘അമേരിക്കയുമായി ഞങ്ങൾ നടത്താൻ ആഗ്രഹിക്കുന്ന ഇടപാട് വേഗത്തിലാക്കാൻ തീർച്ചയായും ആഗ്രഹിക്കുന്നു’- പ്രതിരോധ ഉൽപ്പാദന സെക്രട്ടറി സഞ്ജീവ് കുമാർ ഞായറാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. അത്തരം ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. എന്നാൽ, അദ്ദേഹം വിശദമാക്കിയില്ല.

ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാരായ ഇന്ത്യ പരമ്പരാഗതമായി റഷ്യയെയാണ് ആശ്രയിക്കുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബുധനാഴ്ച വാഷിംങ്ണിലേക്ക് തിരിക്കുന്ന മോദിയോട്, കൂടുതൽ യു.എസ് നിർമിത സുരക്ഷാ ഉപകരണങ്ങൾ വാങ്ങാനും ‘ന്യായമായ വ്യാപാര ബന്ധത്തിലേക്ക്’ നീങ്ങാനും ട്രംപ് നിർദേശിച്ചു.

എന്നാൽ, ജി.ഇ, എച്ച്.എ.എൽ, ജനറൽ ഡൈനാമിക്സ്, ന്യൂഡൽഹിയിലെ യു.എസ് എംബസി, ഇന്ത്യൻ പ്രതിരോധ, വിദേശ മന്ത്രാലയങ്ങൾ എന്നിവ അഭിപ്രായത്തിനുള്ള അഭ്യർത്ഥനകളോട് ഉടനടി പ്രതികരിച്ചില്ല. കഴിഞ്ഞ വർഷം അവസാനത്തോടെ ഇന്ത്യൻ സൈന്യത്തിനായി സ്ട്രൈക്കർ വാഹനങ്ങൾ പ്രദർശിപ്പിച്ചതിന് ശേഷം അവ വാങ്ങാനുള്ള പദ്ധതിയിൽ ട്രംപ് ഭരണകൂടവുമായി ന്യൂഡൽഹി ചർച്ചകൾ ആരംഭിച്ചതായി മറ്റ് രണ്ട് വൃത്തങ്ങൾ അറിയിച്ചു.

ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ സംവിധാനമുള്ള നൂറുകണക്കിന് യുദ്ധ വാഹനങ്ങളെ ഇന്ത്യ ഏറ്റെടുക്കുമെന്നും പിന്നീട് ഒരു സർക്കാർ സ്ഥാപനം വഴി സഹകരിച്ച് ഉൽപാദിപ്പിക്കുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്യുകയാണെന്നും അവർ പറഞ്ഞു. വ്യാപാരം, പ്രതിരോധ സഹകരണം, സാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - India in talks with United States to buy combat vehicles, seal fighter jet engine deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.