ന്യൂഡൽഹി: ഓപറേഷൻ സിന്ധുവിന്‍റെ ഭാഗമായി ഇറാനിൽ നിന്ന് രണ്ടാംഘട്ട ഒഴിപ്പിക്കലിന് ഇന്ത്യ. തുർക്മെനിസ്താൻ വഴി മുന്നൂറോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനം.
തുർക്മെനിസ്താനിൽ നിന്ന് 350 പേർ ഇന്ത്യയിലേക്ക് മടങ്ങാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. ഇവരെ രണ്ട് ഘട്ടമായി ഡൽഹിയിൽ എത്തിക്കാനാണ് വിദേശകാര്യ മന്ത്രാലയം ആലോചിക്കുന്നത്. ഇതിൽ കൂടുതലും വിദ്യാർഥികളാണ്. കൂട്ടമായി പൗരന്മാരെ ഒഴിപ്പിക്കാത്ത സാഹചര്യത്തിൽ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം ഒഴിപ്പിക്കലിന് ഉപയോഗിക്കില്ല.
കഴിഞ്ഞ ദിവസം ഇറാനിൽ നിന്ന് അർമേനിയയിൽ കരമാർഗം എത്തിയ 110 ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചിരുന്നു. അതിൽ 90 പേർ കശ്മീർ സ്വദേശികളാണ്. ഡൽഹി, മഹാരാഷ്ട്ര, രാജസ്ഥാൻ, ബിഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ. തെഹ്റാനിൽ നിന്ന് 148 കിലോമീറ്റർ അകലെ ക്വോമിലേക്ക് 600 വിദ്യാർഥികളെ മാറ്റിയിരുന്നു.
അതേസമയം, ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്നവരെയും തിരികെയെത്തിക്കാൻ ‘ഓപറേഷൻ സിന്ധു’വുമായി മുന്നോട്ടുപോകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഇസ്രായേലിലുള്ള ഇന്ത്യൻ പൗരൻമാരെ കരമാർഗം അതിർത്തി രാജ്യങ്ങളിലെത്തിച്ച് തുടർന്ന് ഡൽഹിയിൽ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. 36000 പേരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്നാണ് വിദേശകാര്യ മന്ത്രാലയം പറയുന്നത്.
ഇസ്രായേലിലുള്ള ഇന്ത്യൻ പൗരൻമാർ തെൽ അവിവ് എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്രസർക്കാർ അഭ്യർഥിച്ചു. തെൽ അവിവിലെ ഇന്ത്യൻ എംബസിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി +972 54-7520711, +972 54-3278392 ടെലിഫോൺ നമ്പറുകൾ വഴിയും cons1.telaviv@mea.gov.in ഇ-മെയിൽ വഴിയും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.