ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധക്കരുത്ത് വർധിപ്പിക്കാൻ 3.25 ലക്ഷം കോടി രൂപയുടെ വൻ ആയുധ ഇടപാടിനൊരുങ്ങി ഇന്ത്യ. 114 പുതിയ റാഫേൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നതിന്റെ ഭാഗമായി വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ അമർപ്രീത് സിങ് നാല് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിലെത്തി. വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാടുകളിലൊന്നായി ഇത് മാറും. ഈ വർഷംതന്നെ കരാർ അന്തിമമാക്കാനാണ് നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാനിരിക്കുന്ന ഫ്രാൻസ് സന്ദർശനത്തിലും ഈ വിഷയം പ്രധാന ചർച്ചയായേക്കും.
വാങ്ങാൻ ഉദ്ദേശിക്കുന്ന 114 വിമാനങ്ങളിൽ 94 എണ്ണം ഇന്ത്യയിൽ തന്നെ നിർമിക്കാനാണ് പദ്ധതി. ബാക്കി വിമാനങ്ങൾ ഫ്രാൻസിൽനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യും. ‘ആത്മനിർഭർ ഭാരത്’ ലക്ഷ്യമിട്ട് 50 ശതമാനത്തോളം തദ്ദേശീയവത്കരണമാണ് പ്രതിരോധ മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്.
റഫേൽ നിർമാതാക്കളായ ഡാസോ ഏവിയേഷൻ, മിസൈൽ നിർമാതാക്കളായ എം.ബി.ഡി.എ തുടങ്ങിയ കമ്പനികളിലെ ഉന്നതരുമായി വ്യോമസേന മേധാവി ചർച്ച നടത്തും. വിമാന നിർമാണം, സാങ്കേതിക സഹകരണം, ഇന്ത്യയിൽ നിർമിച്ച ഭാഗങ്ങൾ വിമാനങ്ങളിൽ ഘടിപ്പിക്കൽ തുടങ്ങിയവയാണ് ചർച്ചാവിഷയങ്ങൾ.
നേരത്തെ വാങ്ങിയ 36 റഫേൽ യുദ്ധവിമാനങ്ങൾ നിലവിൽ ഇന്ത്യൻ സേനക്കുണ്ട്. നാവികസേനക്കായി 26 റഫേൽ-എം വിമാനങ്ങൾക്കുള്ള കരാറും നേരത്തെ ഒപ്പുവെച്ചിരുന്നു. പുതിയ 114 വിമാനങ്ങൾ കൂടി എത്തുന്നതോടെ ആകെ റഫേൽ വിമാനങ്ങൾ 176 ആയി ഉയരും.
വ്യോമസേനക്ക് നിലവിൽ അനുവദിക്കപ്പെട്ട 42 സ്ക്വാഡ്രനുകൾക്ക് പകരം 29 എണ്ണം മാത്രമാണുള്ളത്. പഴയ മിഗ്-21 വിമാനങ്ങൾ പിൻവലിച്ചതോടെയുണ്ടായ ഈ കുറവ് നികത്താനാണ് കൂടുതൽ റഫേലുകൾ വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.