ന്യൂഡൽഹി: കോവിഡിൽ തകർന്നടിഞ്ഞ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ വലിയ സാമ്പത്തിക ഉത്തേജന പാക്കേജ് തന്നെ വേണ്ടിവരുമെന്ന് നൊബേൽ ജേതാവും സാമ്പത്തികശാസ്ത്ര വിദഗ്ധനുമായ അഭിജിത് ബാനർജി. കോൺഗ്രസ് മുൻ പ്രസിഡൻറും എം.പിയുമായ രാഹുൽ ഗാന്ധിയുമായുള്ള വിഡിയോ സംഭാഷണത്തിനിടെയായിരുന്നു അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
നാം സാമ്പത്തിക പാക്കേജിനായി വേണ്ടത്ര നീക്കിവെച്ചിട്ടില്ല. ധനവിനിമയമാണ് സമ്പദ്വ്യവസ്ഥയെ വീണ്ടെടുക്കുന്നതിനുള്ള എളുപ്പമാർഗം. ഇത് ഉത്തേജനപാക്കേജിെൻറ ഫലം ചെയ്യും. ദരിദ്ര വിഭാഗത്തിെൻറ കൈളിലേക്ക് നേരിട്ടം പണം എത്തിക്കണം. യു.എസ് ഭരണകൂടം ഇതാണ് ചെയ്തു കൊണ്ടിരിക്കുന്നത്. യു.എസ് ജി.ഡി.പിയുടെ 10 ശതമാനമാണ് ഇപ്രകാരം നീക്കിവെച്ചത്-അദ്ദേഹം വ്യക്തമാക്കി.
ജനങ്ങൾക്ക് ഭക്ഷണം ഉറപ്പു വരുത്താൻ മൂന്നുമുതൽ ആറുമാസത്തേക്ക് കേന്ദ്രസർക്കാർ താൽകാലിക റേഷൻ കാർഡുകൾ അനുവദിക്കണം. രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് നേരിട്ട് പണം കൈമാറുന്നത് ചർച്ച ചെയ്യേണ്ട വിഷയമാണ്. ആധാറിെൻറ അടിസ്ഥാനത്തിലുള്ള പൊതുവിതരണ സമ്പ്രദായം വഴി പാവപ്പെട്ടവരുടെ വിശപ്പ് അകറ്റാൻ കഴിയും. ലോക്ഡൗണിൽ ഇളവുവരുത്തേണ്ടത് സൂക്ഷിച്ചുവേണമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ശ്രദ്ധിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ ഒരുപാട് പേർ രോഗബാധിതരാകും. ലോക്ഡൗൺ നീക്കുന്നതിനെ മുമ്പ് കോവിഡിനെ കുറിച്ച് നമുക്ക് വ്യക്തമായ ധാരണയുണ്ടാകണം-അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡിനു ശേഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ എങ്ങനെയായിരിക്കുമെന്നതിനെകുറിച്ച് ദേശീയ-രാജ്യാന്തര പ്രമുഖരുമായി രാഹുൽ നടത്തുന്ന രണ്ടാമത്തെ വിഡിയോ സംഭാഷണമാണിത്. നേരത്തേ റിസർവ് ബാങ്ക് മുൻ ഗവർണറും സാമ്പത്തിക വിദഗ്നുമായ രഘുറാം രാജനുമായും രാഹുൽ സംഭാഷണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.