ന്യൂഡൽഹി: ഇന്ത്യയിൽ മിക്കയിടങ്ങളിലും ചൂട് കനക്കുന്നതിനിടെ വൈദ്യുതി ഉപഭോഗവും റെക്കോഡിലെത്തി. ഇതേത്തുടർന്ന് രാജ്യത്തിന്റെ വൈദ്യുതി ആവശ്യകത 240 ജിഗാവാട് ആയി ഉയർന്നതായി വൈദ്യുത മന്ത്രാലയം അറിയിച്ചു. ഈ വേനൽക്കാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില കുതിച്ചുയരുന്നത് വൈദ്യുതി ഉപഭോഗം കൂട്ടാനിടയാക്കിയതോടെയാണ് ഡിമാൻഡും വർധിച്ചത്. പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയുടെ വൈദ്യുതി ആവശ്യകത സീസണിലെ ഏറ്റവും കൂടുതൽ, 240 ജിഗാവാട്ടായി കുത്തനെ ഉയർന്നതായി വൈദ്യുതി മന്ത്രാലയം വ്യക്തമാക്കി. ഒരു ദിവസം മുമ്പ് ഇത് 239.70 ജിഗാവാട്ട് ആയിരുന്നു.
ഉഷ്ണതരംഗ സാഹചര്യങ്ങൾ രൂക്ഷമാകുന്നതോടെ ഡിമാൻഡ് ഇനിയും കുടുമെന്നാണ് വൈദ്യുത മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. 243.27 ജിഗാവാട്ടിലേക്ക് ഡിമാൻഡ് എത്തുകയോ അല്ലെങ്കിൽ അത് മറികടക്കുകയോ ചെയ്യുമെന്ന് വിദഗ്ദ്ധർ പറയുന്നു. രാജ്യത്തെ വൈദ്യുതി ഉപഭോഗത്തിൽ സ്ഥിരമായ വർധന നിലനിൽക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
താപനില ഉയരുന്നതിനനുസരിച്ച് വീടുകളിലും ഓഫിസുകളിലും കൂളിങ് ഉപകരണങ്ങളുടെ ഉപയോഗം വർധിക്കുന്നതാണ് ഈ വർധനവിന് കാരണമെന്ന് നിരീക്ഷകർ പറയുന്നു. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ, മധ്യ, കിഴക്കൻ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ചൂടുകൂടുതലുള്ള നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ പല നഗരങ്ങളും ഈയിടെ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.