ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുടലെടുത്ത സംഘർഷാവസ്ഥക്കിടെ പാകിസ്താനെതിരെ കൂടുതൽ നീക്കങ്ങളുമായി ഇന്ത്യ. പാകിസ്താനിൽ നിന്നുള്ള എല്ലാ ചരക്കുകളുടെയും ഇറക്കുമതി നിരോധിച്ച കേന്ദ്ര സർക്കാർ പാകിസ്താനുമായുള്ള കത്തുകളുടെയും പാർസലുകളുടെയും വിനിമയവും വിലക്കി.
പാക് കപ്പലുകള്‍ ഇന്ത്യയിലെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. ഇന്ത്യയുമായുള്ള എല്ലാ വ്യാപാരങ്ങളും പാകിസ്താൻ നിർത്തിവെച്ചിരിക്കുകയാണ്. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഈ തീരുമാനങ്ങൾ കൂടിയായതോടെ ഇന്ത്യ-പാക് ബന്ധം പൂർണമായും അറ്റു.
പാകിസ്താനില്‍ ഉൽപാദിപ്പിക്കുകയോ, അവിടെനിന്ന് കയറ്റി അയക്കുകയോ ചെയ്ത ചരക്കുകളുടെ നേരിട്ടും അല്ലാതെയുമുള്ള ഇറക്കുമതി തടയുകയാണെന്ന് വിജ്ഞാപനം വ്യക്തമാക്കി. ദേശസുരക്ഷയും പൊതുനയവും കണക്കിലെടുത്ത് കൈക്കൊണ്ട തീരുമാനമാണിതെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം തുടരുമെന്നും വിജ്ഞാപനത്തിലുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങാതെ ഇക്കാര്യത്തില്‍ ഒരു ഇളവും അനുവദിക്കില്ലെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം കൂട്ടിച്ചേർത്തു.
1992ലെ വിദേശ വ്യാപാര വികസന നിയന്ത്രണ നിയമത്തിലെ 3,5 വകുപ്പുകളുടെയും 2023ലെ വിദേശ വ്യാപാര നയത്തിലെ 1.02, 2.01 ഖണ്ഡികകളുടെയും അടിസ്ഥാനത്തിലാണ് ഇറക്കുമതി നിരോധനമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം മേയ് രണ്ടിന് ഇറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി.
പാകിസ്താനില്‍ ഉൽപാദിപ്പിക്കുകയോ, അവിടെനിന്ന് കയറ്റി അയക്കുകയോ ചെയ്ത ചരക്കുകളുടെ നേരിട്ടും അല്ലാതെയുമുള്ള ഇറക്കുമതി തടയുന്നതിന് 2023ലെ വിദേശ വ്യാപാര നയത്തിൽ പുതിയ വ്യവസ്ഥ ചേർത്തിരിക്കുകയാണെന്ന് മന്ത്രാലയം തുടർന്നു. പുൽവാമ ഭീകരാക്രമണത്തിനുശേഷം പാകിസ്താനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ചരക്കുകൾക്ക് 200 ശതമാനം ചുങ്കം ചുമത്തിയതോടെ അവിടെ നിന്നുള്ള ഇറക്കുമതി ഏറക്കുറെ നിലച്ച മട്ടിലായിരുന്നു.
ഇറക്കുമതി നിരോധനം കാര്യമായ പ്രത്യാഘാതമുണ്ടാക്കില്ല. നിലവിൽ വളരെ കുറച്ച് ( 0.42 ദശലക്ഷം യു.എസ് ഡോളറിന്റെ മാത്രം) ഇറക്കുമതിയുള്ള പാകിസ്താനിൽ നിന്നും അത് പൂർണമായും ഇല്ലാതാകും. അതേ സമയം പാകിസ്താനികൾ ഇപ്പോഴും നിരവധി ഇന്ത്യൻ ഉൽപന്നങ്ങളെ ആശ്രയിക്കുന്നുണ്ട്. പാകിസ്താനിലേക്കുള്ള ഇന്ത്യൻ കയറ്റുമതി ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 447.65 ദശലക്ഷം യു.എസ് ഡോളറിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.