യുദ്ധത്തിലൂടെയല്ല നയതന്ത്ര നീക്കങ്ങളിലൂടെയാണ് ഇന്ത്യ-പാക് പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് -ആർ.എം.പി

ഭീകര പ്രവർത്തനമുൾപ്പെടെ ഇന്ത്യക്കും പാകിസ്താനുമിടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സൈനിക ഏറ്റുമുട്ടലുകളെ ആശ്രയിക്കുന്നത് വിഢിത്തമാണെന്ന് ആർ.എം.പി ജനറൽ സെക്രട്ടറി മംഗത്റാം പസ്‌ല. ഇക്കാര്യത്തിൽ നയതന്ത്ര പരിഹാരമാണ് സ്വീകരിക്കേണ്ടത്. അയൽ രാജ്യങ്ങൾ തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ നിർബന്ധമായും ഒഴിവാക്കപ്പെടണം. കാരണം യുദ്ധം ഒരു പ്രശ്നവും പരിഹരിക്കുന്നില്ല. അത് പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് മംഗത്റാം പസ്‌ല പ്രസ്താവനയിൽ പറഞ്ഞു. യുദ്ധമല്ല സമാധാനമാണാവശ്യം എന്ന മുദ്രാവാക്യമുയർത്തി ആർ.എം.പി പ്രവർത്തകർ രാജ്യത്തിനകത്തും പുറത്തും വിപുലമായ പ്രചാരണ പ്രവർത്തനം സംഘടിപ്പിക്കണമെന്നും മംഗത്റാം പസ്ല അഭ്യർഥിച്ചു.

ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സേന നടത്തുന്ന തിരിച്ചടി ഭീകരാക്രമണത്തിൽ കൊലചെയ്യപ്പെട്ടവരുടെ ബന്ധുക്കൾക്ക് മാനസികമായ പിൻബലം നൽകുന്നതാണ്. പാക് അതിർത്തിയിലെ ഭീകരരുടെ പരിശീലന കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല പാക് രഹസ്യാന്വേഷണ ഏജൻസിയായ എ.എസ്.ഐയും അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ യും ചേർന്നാണ് നിർവഹിക്കുന്നത് എന്ന കാര്യം കേന്ദ്രസർക്കാറിന് അറിവുള്ളതാണ്.

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സംഘപരിവാർ ശക്തികൾ മുസ്ലിംകൾക്കെതിരെ നടത്തുന്ന വിഷലിപ്തമായ പ്രചരണപ്രവർത്തനങ്ങൾ രാജ്യത്ത് വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ്. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരുടെ ലക്ഷ്യം സാധിച്ചു കൊടുക്കുകയാണ് ഇതിലൂടെ സംഘപരിവാർ ചെയ്യുന്നത്. പഹൽഗാം ആക്രമണത്തിൽ ഭർത്താവ് നഷ്ടപ്പെട്ട ഹിമാൻഷി നർവാൾ തീവ്രവാദികൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടതിനൊപ്പം തന്നെ കശ്മീരികൾക്കും മുസ്ലിംകൾക്കുമെതിരെ നടക്കുന്ന വിദ്വേഷ പ്രചരണത്തെ അപലപിക്കുകയും ചെയ്തു. എന്നാൽ സംഘപരിവാർ ഗ്രൂപ്പുകൾ ഹിമാൻഷിക്കെതിരെ വൃത്തികെട്ട സൈബർ പ്രചരണമാണ് അഴിച്ചുവിട്ടത്. ഇത് അങ്ങേയറ്റം അപലപനീയമാണ്.

ഭീകരവാദികൾക്കെതിരെ ഇന്ത്യയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും ഉറച്ച നിലപാടെടുത്തിട്ടുണ്ട്. ഇത് സ്വാഗതാർഹമാണ്. എന്നാൽ ഈ സാഹചര്യമുപയോഗിച്ച് രാജ്യത്ത് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇപ്പോഴത്തെ സാഹചര്യം ഉപയോഗപ്പെടുത്തി മാധ്യമ പ്രവർത്തകരെയും ബുദ്ധിജീവികളെയും വേട്ടയാടാനും പൗരസ്വാതന്ത്ര്യങ്ങളും അഭിപ്രായസ്വാതന്ത്ര്യവും തടയാനും അമിതാധികാരവാഴ്ച അടിച്ചേൽപ്പിക്കാനുമുള്ള മോദിസർക്കാറിന്‍റെ നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്നും ആർ.എം.പി അഭ്യർഥിച്ചു.

Tags:    
News Summary - India-Pakistan issues should be resolved through diplomacy, not war - RMP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.