ഇന്ത്യാ-പാക് അതിര്‍ത്തി പൂര്‍ണമായും അടക്കുമെന്ന് രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: ഇന്ത്യ-പാക്  ബന്ധം വഷളായ സാഹചര്യത്തില്‍ അതിര്‍ത്തി പൂര്‍ണമായും അടക്കാന്‍  കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയാറാക്കി. രാജസ്ഥാനിലെ പാക് അതിര്‍ത്തി പ്രദേശമായ ജയ്സാല്‍മീറില്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന അതിര്‍ത്തി സംസ്ഥാനങ്ങളുടെ യോഗം പദ്ധതിക്ക് അംഗീകാരം നല്‍കി. വാഗ, ഉറി, പൂഞ്ച് തുടങ്ങി ഏതാനും ചെക്പോസ്റ്റുകള്‍ മാത്രം നിലനിര്‍ത്തി  അവശേഷിക്കുന്ന ഭാഗങ്ങളില്‍ അതിര്‍ത്തി 2018നകം പൂര്‍ണമായും അടക്കുമെന്ന് യോഗത്തിന് ശേഷം മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

2300 കി.മീ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പങ്കിടുന്നത്. ഇവയില്‍ ഭൂരിഭാഗവും ഇതിനകം തന്നെ കമ്പിവേലി കൊണ്ട് സംരക്ഷിച്ചിട്ടുണ്ട്. കശ്മീര്‍ മേഖലയിലെ മലനിരകളിലും മറ്റുമാണ് കമ്പിവേലി പണിയാന്‍ ബാക്കിയുള്ളത്. കമ്പിവേലിക്ക് പുറമെ, ലേസര്‍ ഭിത്തികള്‍, റഡാറുകള്‍, സി.സി.ടി.വി കാമറകള്‍  എന്നിവയും സ്ഥാപിക്കും. കേന്ദ്രവും അതിര്‍ത്തി സംസ്ഥാനങ്ങളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. അതിനായി പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ്, ജമ്മു-കശ്മീര്‍ എന്നീ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡര്‍ സെക്യൂരിറ്റി ഗ്രിഡ് രൂപവത്കരിക്കും. പഴുതടച്ച് അതിര്‍ത്തി അടക്കുന്നതിനുള്ള പ്രവൃത്തികള്‍ക്ക് ബോര്‍ഡര്‍ സെക്യൂരിറ്റി ഗ്രിഡിന്‍െറ നേതൃത്വത്തിലാകും നടക്കുക. സേനയുടെ മേല്‍നോട്ടത്തിനൊപ്പം സംസ്ഥാന സര്‍ക്കാറുകളുടെ ചീഫ് സെക്രട്ടറിമാരുടെ മേല്‍നോട്ടവും ഉണ്ടാകും. ഓരോ മാസവും വിവിധ തലങ്ങളില്‍ പദ്ധതിയുടെ പുരോഗതി അവലോകന യോഗങ്ങളുണ്ടാകും.

 യോഗത്തിന് ശേഷം ജയ്സാല്‍മീര്‍ അതിര്‍ത്തി പോസ്റ്റുകള്‍ സന്ദര്‍ശിച്ച മന്ത്രി രാജ്നാഥ് ബി.എസ്.എഫ് ജവാന്മാരുമായി ആശയവിനിമയം നടത്തി. നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അതിര്‍ത്തി സംരക്ഷണത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. യോഗത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ, പഞ്ചാബ് ഉപമുഖ്യമന്ത്രി സുഗ്ബീര്‍ സിങ് ബാദല്‍, ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജദേജ, ജമ്മു-കശ്മീര്‍ ചീഫ് സെക്രട്ടറി ബ്രിജ്രാജ് ശര്‍മ എന്നിവരും പങ്കെടുത്തു.
Tags:    
News Summary - india-pak border To Be Sealed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.