ന്യൂഡല്‍ഹി: കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടിങ്ങിക്കിടക്കുന്ന പൗരൻമാരെ രാജ്യത്ത് എത്തിക്കാൻ വൻ പദ്ധതിയുമായി ഇന്ത്യ. 13 രാജ്യങ്ങളിൽ നിന്നുള്ള 14800 പൗരൻമാരെ ഈയാഴ്ച ഇന്ത്യയിൽ തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 64 വിമാനങ്ങളാണ് ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക. ഇന്ത്യന്‍ നാവികസേനയുടെ മൂന്ന് കപ്പലുകള്‍ പശ്ചിമേഷ്യയിലെയും മാലിദ്വീപിലെയും ഇന്ത്യന്‍ പൗരന്മാര്‍ക്ക് വേണ്ടി പുറപ്പെട്ടു. കോവിഡിനെ തുടർന്ന് പലരാജ്യങ്ങളും പൗരൻമാരെ തിരികെ എത്തിച്ചിരുന്നെങ്കിലും, ഇന്ത്യയുടേത് ലോകത്തെ ഏറ്റവും ബൃഹത്തായ ഇവാക്വേഷൻ പദ്ധതിയാണ്.
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ യു.എസ്, സിംഗപ്പൂര്‍, ബംഗ്ലാദേശ്, യു.എ.ഇ, യു.കെ, സൗദി അറേബ്യ, ഖത്തര്‍, ഫിലിപ്പൈന്‍സ്, ഒമാന്‍, ബഹ്റൈന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് പോകും. മേയ് ഏഴിന് 10 വിമാനങ്ങളിലായി 2300 പേരെ കൊച്ചി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിൽ തിരിച്ചെത്തിക്കും. അടുത്ത ദിവസം യു.എസ് ഉൾപ്പെടെയുള്ള 13 രാജ്യങ്ങളിലേക്ക് വിമാനങ്ങൾ പുറപ്പെടും. പദ്ധതിയുടെ നാലാം ദിവസം യു.എസ്, യു.കെ, യു.എ.ഇ എന്നിവയുള്‍പ്പെടെ എട്ട് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്ന് 1,850 പൗരന്മാരെ തിരിച്ചെത്തിക്കും.
സര്‍വീസ് നടത്തുന്ന വിമാനത്തെ ആശ്രയിച്ച്, ഓരോ വിമാനത്തിലെ യാത്രക്കാരും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി 200 മുതല്‍ 300 വരെ യാത്രക്കാരായിരിക്കും ഉണ്ടായിരിക്കുക. വിമാനങ്ങളില്‍ കയറുന്നതിന് മുമ്പ് യാത്രക്കാര്‍ക്ക് പനി, ചുമ, പ്രമേഹം അല്ലെങ്കില്‍ ഏതെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖം തുടങ്ങിയവ ഉണ്ടോ എന്ന് പരിശോധിക്കും. ലക്ഷണമില്ലാത്ത യാത്രക്കാരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ എന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്.
നാവികസേനയുടെ ഐ.എന്‍.എസ് ജലാശ്വ ഉള്‍പ്പെട്ട മൂന്ന് കപ്പലുകളില്‍ 1,000 ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ കഴിയും. മാലദ്വീപിലേക്ക് ഐ.എൻ.എസ് ജലാശ്വ, ഐ.എൻ.എസ് മഗർ എന്നീ കപ്പലുകൾ പുറപ്പെട്ടിട്ടുണ്ട്. യു.എ.ഇയിലെ പ്രവാസികൾക്കായി ഐ.എൻ.എസ് ഷാർദുൽ എന്ന കപ്പലാണ് പോയത്. ഇത് ദുൈബയിലേക്ക് പുറപ്പെട്ടതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് കര്‍ശനമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും മാർച്ച് അവസാനത്തോടെ ഇന്ത്യ നിരോധിച്ചിരുന്നു. ഇത് കാരണം നിരവധി തൊഴിലാളികളും വിദ്യാർഥികളുമാണ് വിദേശത്ത് കുടുങ്ങിയത്. മടങ്ങിവരുന്ന പൗരന്മാരെ ക്വാറൻറീൻ െചയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.