ന്യൂഡൽഹി: വിദ്വേഷ പ്രസംഗത്തിന് കുപ്രസിദ്ധനായ തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എ ടി. രാജാ സിങ്ങിനെതിരെ നടപടിയുമായി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുടെ മാതൃകമ്പനിയായ മെറ്റ. ഇയാളുടെ രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകളും മൂന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും നീക്കം ചെയ്തു. മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ള വിദ്വേഷ പ്രസംഗങ്ങളിൽ ഇന്ത്യയിൽ വൻ വർധനയുണ്ടായയെന്ന ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മെറ്റയുടെ നടപടി.
രാജാസിങ് 2024ൽ 32 വിദ്വേഷ പ്രസംഗങ്ങളാണ് നടത്തിയതെന്നും ഇതിൽ 22 എണ്ണം അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്നും ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമായും മുസ്ലിം വിഭാഗത്തിനുനേരെ അക്രമത്തിന് പ്രേരിപ്പിക്കുകയും ചിലതിൽ ക്രിസ്ത്യാനികളെ ലക്ഷ്യമിടുകയും ചെയ്തു. 32 പ്രസംഗങ്ങളിൽ 16 എണ്ണം യൂട്യൂബിലും 13 എണ്ണം ഫേസ്ബുക്കിലുമാണ് അപ്ലോഡ് ചെയ്തതെന്നും ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ടിൽ വിശദീകരിക്കുകയുണ്ടായി. രാജാസിങ്ങിന്റെ റദ്ദാക്കിയ ഫേസ്ബുക്ക് അക്കൗണ്ടുകൾ ദശലക്ഷം ആളുകളാണ് ഫോളോ ചെയ്യുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ 1,55,000 പേരും പിന്തുടരുന്നുണ്ടായിരുന്നു.
2024ൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ള വിദ്വേഷ പ്രസംഗങ്ങളിൽ ഇന്ത്യയിൽ 74 ശതമാനം വർധന ഉണ്ടായതായി യു.എസ് ആസ്ഥാനമായുള്ള ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ടിൽ പറയുന്നു. ഇത് ഫെബ്രുവരി പത്തിനാണ് പ്രസിദ്ധീകരിച്ചത്. 1,165 വിദ്വേഷ പ്രസംഗങ്ങളാണ് 2024ൽ രാജ്യത്ത് നടന്നത്. ഇതിൽ 98.5 ശതമാനം വിദ്വേഷ പ്രസംഗങ്ങളും മുസ്ലിംകളെ ലക്ഷ്യം വെച്ചുള്ളതാണെന്നും അതിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികവും ബി.ജെ.പിയുടെയോ സഖ്യകക്ഷികളുടെയോ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിലാണ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
വിദ്വേഷ പ്രസംഗങ്ങളെ തുടർന്ന് 2020ൽ ഇയാളെ മെറ്റയുടെ പ്ലാറ്റ് ഫോമുകളിൽനിന്ന് വിലക്കിയിരുന്നുവെങ്കിലും മറ്റു പേരുകളിൽ അക്കൗണ്ട് തുറന്ന് വിദ്വേഷ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നത് തുടർന്നു. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ 2022 ആഗസ്റ്റിൽ ഇയാളെ തെലങ്കാന പൊലീസ് അറസ്റ്റു ചെയ്യുകയുണ്ടായി.
2024ൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ള വിദ്വേഷ പ്രസംഗങ്ങളിൽ ഇന്ത്യയിൽ 74 ശതമാനം വർധന ഉണ്ടായതായി യു.എസ് ആസ്ഥാനമായുള്ള ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ടിൽ പറയുന്നു. ഇത് ഫെബ്രുവരി പത്തിനാണ് പ്രസിദ്ധീകരിച്ചത്. 1,165 വിദ്വേഷ പ്രസംഗങ്ങളാണ് 2024ൽ രാജ്യത്ത് നടന്നത്. ഇതിൽ 98.5 ശതമാനം വിദ്വേഷ പ്രസംഗങ്ങളും മുസ്ലിംകളെ ലക്ഷ്യം വെച്ചുള്ളതാണെന്നും അതിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികവും ബി.ജെ.പിയുടെയോ സഖ്യകക്ഷികളുടെയോ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിലാണ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.