അതിർത്തി തർക്കങ്ങൾക്കിടെ നിർണായക നീക്കം; ആദ്യമായി സൈനിക കമാൻഡർമാരുടെ ചർച്ച നടത്തി ഇന്ത്യയും ചൈനയും

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണരേഖയിലെ തർക്കങ്ങളും സൈനിക സംഘർഷങ്ങളും നിലനിൽക്കുന്നതിനിടയിൽ, ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യ കോർപ്സ് കമാൻഡർതല ചർച്ച നടന്നു. അരുണാചൽ പ്രദേശിലെ വാച്ച-ദാമൈ ബോർഡർ പേഴ്സണൽ മീറ്റിങ് പോയിന്റിൽ വെച്ചാണ് യോഗം ചേർന്നത്. ഇതുവരെ ലഡാക്ക് മേഖലയിൽ മാത്രമായി ഒതുങ്ങിനിന്നിരുന്ന സൈനിക ചർച്ചാ സംവിധാനം മറ്റ് അതിർത്തികളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണായക നീക്കം. അപ്പർ സുബാൻസിരി ജില്ലയിലെ തക്സിങ് മേഖലയിൽ തുടരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിനാണ് ചർച്ച.

3 കോർപ്സിന്റെ (സ്പിയർ കോർപ്സ്) കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഗിരീഷ് കാലിയയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത്. ഇന്തോ-തിബറ്റൻ ബോർഡർ ​പൊലീസിന്റെ ഇൻസ്പെക്ടർ ജനറലും സംഘത്തിൽ ഉൾപ്പെട്ടിരുന്നു. 2020 ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം കിഴക്കൻ ലഡാക്കിലെ ചുഷുൽ-മോൾഡോ ബോർഡർ മീറ്റിങ് പോയിന്റിലായിരുന്നു ഇത്തരം ഉന്നതതല കോർപ്സ് കമാൻഡർ ചർച്ചകൾ പ്രധാനമായും നടന്നിരുന്നത്. ഈ മാസം സെപ്റ്റംബർ 11 മുതൽ 13 വരെ ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് പങ്കെടുക്കാനിരിക്കെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ ഉന്നതതല സൈനിക ചർച്ചയെന്നതും ശ്രദ്ധേയമാണ്.

നാഗാലാന്റിലെ രംഗപഹാർ ആസ്ഥാനമായുള്ള 3 കോർപ്സ് ആണ് അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണരേഖയിലെ പ്രവർത്തന മേഖലകൾ കൈകാര്യം ചെയ്യുന്നത്. ലഡാക്കിന് പുറത്ത് സൈനിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഈ സംവിധാനം ഉപയോഗിക്കുന്നത് ആദ്യമായാണ്. അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കഴിഞ്ഞ മാസങ്ങളിൽ ഇരു രാജ്യങ്ങളും നിരവധി നയതന്ത്ര-സൈനിക ചർച്ചകൾ നടത്തിയിരുന്നു. ആഗസ്റ്റ് 6ന് 36-ാമത് ഡബ്ല്യു.എം.സി.സി യോഗവും, ആഗസ്റ്റ് 26ന് ബെയ്ജിങ്ങിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് പ്രതിനിധി വാങ് യീയുമായി പ്രത്യേക പ്രതിനിധിതല ചർച്ചകളും നടത്തിയിരുന്നു.

അതിർത്തിയിൽ ആശയവിനിമയവും വിശ്വാസവും ശക്തിപ്പെടുത്തുന്നതിനായി പുതിയ രണ്ട് ബോർഡർ പേഴ്സണൽ മീറ്റിങ് പോയിന്റുകളും പുതിയ ഹോട്ട്‌ലൈനുകളും സ്ഥാപിക്കാൻ മുൻ ചർച്ചകളിൽ ധാരണയായിരുന്നു. ഇതിലൊന്ന് 3 കോർപ്സിന്റെ ചുമതലയിലുള്ള കിഴക്കൻ മേഖലയിലായിരിക്കും സ്ഥാപിക്കുക. അതിർത്തിയിലെ പ്രവർത്തന സജ്ജതയും സുരക്ഷാ മുൻകരുതലുകളും അവലോകനം ചെയ്യുന്നതിനായി ആർമി ചീഫ് ജനറൽ ധീരജ് സേത് അടുത്തിടെ 3 കോർപ്സ് ആസ്ഥാനം സന്ദർശിക്കുകയും കാര്യങ്ങൾ നേരിട്ട് വിലയിരുത്തുകയും ചെയ്തിരുന്നു. അതിർത്തിയിലെ പ്രകോപനങ്ങൾ ഒഴിവാക്കാനും സമാധാനം നിലനിർത്താനുമുള്ള ഈ നീക്കം ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിൽ നിർണായകമാകും. 

Tags:    
News Summary - India, China armies hold LAC talks in Arunachal Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.