യു.കെയിൽ 13 ലക്ഷം പൗണ്ടിന്‍റെ തട്ടിപ്പ്: ഇന്ത്യൻ വംശജനായ ഫാർമസിസ്റ്റിനും ജീവനക്കാരനും 6 വർഷം തടവുശിക്ഷ

ലണ്ടൻ: ബ്രിട്ടനിലെ നാഷനൽ ഹെൽത്ത് സർവീസിൽ 13 ലക്ഷം പൗണ്ടിന്‍റെ പ്രിസ്ക്രിപ്ഷൻ തട്ടിപ്പ് നടത്തിയ കേസിൽ ഇന്ത്യൻ വംശജനായ ഫാർമസിസ്റ്റിനും ജീവനക്കാരനും ആറു വർഷം വീതം തടവുശിക്ഷ വിധിച്ചു. സൗത്ത്‌വാർക്ക് ക്രൗൺ കോടതിയിൽ നടന്ന മൂന്ന് ആഴ്ച നീണ്ട വിചാരണക്ക് ശേഷമാണ് ജിഗ്നേഷ് പട്ടേൽ (46), രാഹുൽ പട്ടേൽ (42) എന്നിവർക്ക് കഴിഞ്ഞ ആഴ്ച ശിക്ഷ വിധിച്ചത്. ബന്ധുക്കളല്ലാത്ത ഇരുവരും വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ മൂന്ന് കേസുകളിലും കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്ത് മാറ്റിയെടുത്ത രണ്ട് കേസുകളിലും കുറ്റക്കാരാണെന്ന് കണ്ടെത്തി.

നഷ്ടപ്പെട്ട ഫണ്ട് വീണ്ടെടുക്കുന്നതിനായി യു.കെ പ്രൊസീഡ്സ് ഓഫ് ക്രൈം ആക്ട് 2002 (POCA) പ്രകാരമുള്ള നടപടി ക്രമങ്ങൾ ഉപയോഗിക്കുമെന്ന് എൻ.എച്ച്.എസ് കൗണ്ടർ ഫ്രോഡ് അതോറിറ്റി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ജിഗ്നേഷ് പട്ടേലും രാഹുൽ പട്ടേലും വർഷങ്ങളോളം ഒരുമിച്ച് പ്രവർത്തിച്ച്, വ്യാജ പ്രിസ്ക്രിപ്ഷനുകൾ ഉപയോഗിച്ച് മരുന്നുകൾ കൈപ്പറ്റുകയും അവ യൂറോപ്യൻ ഫാർമസ്യൂട്ടിക്കൽ ഹോൾസെയിൽ ബിസിനസുകൾക്ക് മറിച്ചുവിൽക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.

പ്രാഥമിക ആരോഗ്യ സംരക്ഷണ വിഭാഗത്തിൽ സാധാരണയായി നൽകപ്പെടാത്ത 7 ഉയർന്ന വിലയുള്ള മരുന്നുകൾ വൈസ് ഫാർമസി നൽകിയതായി ലോക്കൽ കൗണ്ടർ ഫ്രോഡ് സ്പെഷ്യലിസ്റ്റ് (LCFS) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സ്‌പ്രൈസെൽ, നോക്‌സഫിൽ, അട്രിപ്ല, എവിപ്ലെറ, ടോബ്രാമൈസിൻ, ട്രുവാഡ, വയറീഡ് എന്നിവയായിരുന്നു മരുന്നുകൾ.

2015 ജനുവരി മുതൽ 2017 നവംബർ വരെയുള്ള കാലയളവിൽ പട്ടേലിന്റെ ഫാർമസി വിതരണം ചെയ്ത മുഴുവൻ പ്രിസ്ക്രിപ്ഷനുകളും അന്വേഷണ വിഭാഗം ശേഖരിച്ചു. ഇവ പരിശോധിച്ചതിൽ 24 ഡോക്ടർമാരുടെ പേരിൽ 440 രോഗികൾക്കായി നൽകിയ 1,639 വ്യാജ പ്രിസ്ക്രിപ്ഷനുകളും 6,983 മരുന്ന് ഇനങ്ങളും കണ്ടെത്തി. പ്രിസ്ക്രിപ്ഷനുകളിൽ പേരുണ്ടായിരുന്ന ഡോക്ടർമാരെ ചോദ്യം ചെയ്തപ്പോൾ തങ്ങൾ ഇത്തരം പ്രിസ്ക്രിപ്ഷനുകൾ നൽകിയിട്ടില്ലെന്ന് അവർ സ്ഥിരീകരിച്ചു.

2017 ഡിസംബർ 6നാണ് ജിഗ്നേഷ് പട്ടേൽ അറസ്റ്റിലായത്. ഇയാളുടെ വസതിയിൽ നടത്തിയ തിരച്ചിലിൽ 1,90,000 പൗണ്ട് പണം പിടിച്ചെടുത്തു. 2020 ഫെബ്രുവരി 14നാണ് രാഹുൽ പട്ടേലിനെ ചോദ്യം ചെയ്തത്. വ്യാജ പ്രിസ്ക്രിപ്ഷനുകളും മരുന്നുകളും വാങ്ങുന്നത് സംബന്ധിച്ച് ഇയാളും ജിഗ്നേഷും തമ്മിൽ അയച്ച ടെക്സ്റ്റ് വിചാരണ വേളയിൽ നിർണായക തെളിവുകളായി മാറി.

Tags:    
News Summary - indian pharmacists and employee got sentence in scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.