ചെന്നൈ: കേരള-തമിഴ്നാട് അതിർത്തിയിലെ തേനി ജില്ലയിലെ ബോഡികുന്നുകളിൽ വിദേശ സഹകരണത്തോടെ വരുന്ന ഭൂഗർഭ കണിക പരീക്ഷണശാലക്ക് കേന്ദ്ര പാരിസ്ഥിതിക അനുമതി നൽകാൻ ശിപാർശ. ഇൗ മാസം അഞ്ചിന് ഡൽഹിയിൽ ചേർന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിെൻറ വിദഗ്ധ സമിതി ദേശീയ പ്രാധാന്യമുള്ള പ്രത്യേക വിഷയമായി പരിഗണിച്ചാണ് പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്. 17 വ്യവസ്ഥകളോടെയാണ് പദ്ധതിക്ക് സമിതി കേന്ദ്രസർക്കാറിന് ശിപാർശ ചെയ്തത്.
ഭൂഗർഭ കണിക പരീക്ഷണശാലയിൽനിന്ന് ജീവജാലങ്ങൾക്കോ പ്രകൃതിക്കോ േദാഷകരമാവുന്ന റേഡിയോ ആക്ടീവ് കണങ്ങൾ പുറത്തുവരില്ലെന്ന് പദ്ധതിയിൽ ഉൾപ്പെട്ട 25 ഗവേഷണ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്ന ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫണ്ടമെൻറൽ റിസർച്ചിെൻറ ഉറപ്പു പരിഗണിച്ചാണ് അനുകൂല തീരുമാനം. എന്നാൽ, പ്രാേദശിക എതിർപ്പു പരിഗണിച്ച് തമിഴ്നാട് സർക്കാരും പ്രതിപക്ഷവും പദ്ധതിക്കെതിരായ നിലപാടിൽ ഉറച്ചുനിൽക്കുന്നത് നിർമാണപ്രവർത്തനങ്ങൾക്ക് തടസ്സമാകും. അപായകരമാണെന്ന് കണ്ടെത്തിയാൽ അനുമതി നൽകില്ലെന്ന് തേനി ജില്ലക്കാരനായ ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം വ്യക്തമാക്കിയിരുന്നു. തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ്, നഗരാസൂത്രണ വിഭാഗം, വനം വന്യജീവി വകുപ്പ് തുടങ്ങിയവയിൽനിന്നുള്ള അനുമതി നിർബന്ധമാണെന്നു വിദഗ്ധ സമിതി നിർദേശിച്ചിട്ടുണ്ട്.
തമിഴ്നാട് സർക്കാർ രൂപവത്കരിച്ച വിദഗ്ധ സമിതി വൈഗൈ നദിയിലേക്ക് വെള്ളമെത്തുന്ന നിരവധി ജലപദ്ധതികളുടെ വൃഷ്ടിപ്രദേശത്താണ് നിർദിഷ്ട പരീക്ഷണശാലയെന്ന റിപ്പോർട്ടാണ് നൽകിയത്. രണ്ട് കിലോമീറ്റർ പരിധിയിൽപെട്ട 63 ഏക്കർ സ്ഥലത്തെ 1.3 കിലോമീറ്റർ ഉയരമുള്ള തരിശായ ബോഡി പ്രദേശത്തെ പൊട്ടിപ്പുറം മലയാണ് പരീക്ഷണശാലക്ക് കണ്ടുവെച്ചത്. 4,300 അടി താഴ്ചയിൽ മലയിൽ തുരങ്കമുണ്ടാക്കി കണിക പരീക്ഷണം നടത്തുന്നതിന് 1,500 കോടി രൂപയാണ് ചെലവ്. 2011 ജൂണിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി ലഭിച്ചു. ചെറിയ രീതിയിൽ നിർമാണപ്രവർത്തനം തുടങ്ങിയപ്പോഴാണ് നാട്ടുകാർ വിവരമറിയുന്നത്. സമീപപ്രദേശങ്ങളിൽ താമസക്കാരായ 1200 ഒാളം പേർ ജനകീയ സമരം തുടങ്ങുകയും കേരളത്തിൽ വി.എസ് അടക്കമുള്ള നേതാക്കളുടെ പിന്തുണ തേടുകയും ചെയ്തിരുന്നു. ഇതിനിടയിൽ 2015ൽ കണിക പരീക്ഷണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ഇതിനെതിരെ പൂവുലകിൻ നൻപർകൾ എന്ന സംഘടന ഹരിത ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേ സമ്പാദിച്ചു. പരീക്ഷണശാലക്കെതിരെ മദ്രാസ് ൈഹകോടതിയുടെ മധുര ബെഞ്ചിൽ എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈക്കോയും കേസ് നൽകിയിട്ടുണ്ട്.
അനുമതിക്ക് കേരളത്തെ സമീപിച്ചിട്ടില്ല
ചെന്നൈ: ഇന്ത്യ ബേസിഡ് ന്യൂട്രിനോ ഒബ്സർവേറ്ററി അധികൃതർ പദ്ധതിക്കുള്ള അനുമതിക്കായി കേരളത്തെ സമീപിച്ചിട്ടില്ലെന്ന് കേരള വനം-വന്യജീവി വകുപ്പ് അധികൃതർ വ്യക്തമാക്കി. ഇടുക്കി ജില്ലയിൽപെട്ട സംരക്ഷിത വന പ്രദേശമായ മതികെട്ടാൻചോല ദേശീയ ഉദ്യാനവുമായി നിശ്ചിത അകലം പാലിക്കുന്നില്ലെന്നും പാരിസ്ഥിതിക ആഘാത പഠനം നടത്തിയത് അംഗീകൃത ഏജൻസിയല്ലെന്നും ചൂണ്ടിക്കാട്ടി ഹരിത ട്രൈബ്യൂണൽ ദക്ഷിണേന്ത്യൻ ബെഞ്ച് കഴിഞ്ഞ വർഷം മാർച്ചിൽ പദ്ധതിയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കിയിരുന്നു. ഇത്തരം പദ്ധതികൾക്ക് സംരക്ഷിത പ്രദേശങ്ങളിൽനിന്ന് അഞ്ച് കിലോമീറ്ററിലധികം ദൂരമുണ്ടാകണമെന്ന നിയമം പാലിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. പരീക്ഷണശാല വരുന്ന തേനി ജില്ലയിലെ ബോഡി പൊട്ടിപ്പുറം മലയിൽനിന്ന് 4.5 കിേലാമീറ്റർ ദൂരത്തിലാണ് മതികെട്ടാൻ ചോല. ഇൗ സാഹചര്യത്തിൽ കേരളത്തിെൻറ അനുമതി പരീക്ഷണശാലക്ക് ലഭിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.