representative image
ആന്‍റിബോഡി കോക്ടെയിലിന് ഇന്ത്യയിൽ അനുമതി; സംഗതി ട്രംപ് ടെസ്റ്റ് ചെയ്തത്
ന്യൂഡൽഹി: സ്വിസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോച്ചെ വികസിപ്പിച്ചെടുത്ത ആന്‍റിബോഡി കോക്ടെയിലിന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡാർട്സ് കൺട്രോൾ ഏജൻസിയുടെ അംഗീകാരം. കോവിഡ് ചികിത്സയിലിരിക്കേ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനാണ് അംഗീകാരം നൽകിയത്. മുൻ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രോഗബാധിതനായിരുന്ന വേളയിൽ ഈ പാനീയം കുടിച്ചിരുന്നു.
ആന്‍റിബോഡി കോക്ടെയിൽ?
കാസിരിവിമാബ്, ഇംഡെവിമാബ് എന്നീ രണ്ട് ആന്‍റിബോഡികൾ ചേർത്താണ് ഈ കോക്ടെയ്ൽ നിർമിക്കുന്നത്. ഉയർന്ന അപകടസാധ്യതയുള്ള കോവിഡ് രോഗികളുടെ ചികിത്സക്കാണിതിന്‍റെ ഉപയോഗം.
വൈറസുകൾ പോലെയുള്ള അപകടകരമായ രോഗാണുക്കളെ പ്രതിരോധിക്കാനുള്ള രോഗപ്രതിരോധ സംവിധാനത്തിന്‍റെ സമാനമായ പ്രവർത്തനങ്ങളാണ് മോണോക്ലോണൽ ആന്‍റിബോഡികളായ കാസിരിവിമാബും ഇംഡെവിമാബും ചെയ്യുന്നത്.
മനുഷ്യകോശങ്ങളിലേക്കുള്ള വൈറസിന്‍റെ പ്രവേശനം തടയുന്നതിനായാണ് ഇവ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. SARS-CoV-2 ന്‍റെ സ്‌പൈക്ക് പ്രോട്ടീനെതിരെയാണ് കാകാസിരിവിമാബ്, ഇംഡെവിമാബ് പ്രത്യേകം നിർദ്ദേശിച്ചിരിക്കുന്നത്.
ആർക്കൊക്കെ ഉപയോഗിക്കാം?
രോഗം അതിരൂക്ഷമായി ബാധിക്കാനിടയുള്ള മുതിർന്നവരെയും കുട്ടികളെയും (12 അല്ലെങ്കിൽ അതിൽ കൂടുതൽ പ്രായമുള്ളവർ) ചികിത്സിക്കാനാണ് ഈ ആന്‍റിബോഡി കോക്ടെയിൽ ഉപയോഗിക്കുന്നത്. സംയോജിത ഡോസിൽ 1200 മില്ലിഗ്രാം (ഓരോ മരുന്നിന്‍റെയും 600 മില്ലിഗ്രാം) നൽകാനാണ് അംഗീകരം.
രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ എട്ട് ഡിഗ്രി സെൽഷ്യസിലാണ് ഇത് സൂക്ഷിക്കേണ്ടത്. ഉയർന്ന അപകടസാധ്യതയുള്ള 60 വയസ്സിനു മുകളിലുള്ള രോഗികൾ, ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർ, ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ, വൃക്കരോഗം, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും ഇത് ഉപയോഗിക്കാം.
എത്രത്തോളം ഫലപ്രദമാണിത്?
ആശുപത്രിയിൽ പ്രവേശിപ്പിക്കാത്ത ഉയർന്ന അപകട സാധ്യതയുള്ള 4567 രോഗികളിലാണ് 'റോച്ചെ' കോക്ടെയിലിന്റെ നാലാം ഘട്ട പരീക്ഷണം നടത്തിയത്. മരണ സാധ്യതയും ആശുപത്രി വാസവും 70 ശതമാനം കുറക്കാൻ സാധിച്ചതായി കണ്ടെത്തി. ആന്‍റിബോഡികൾ രോഗലക്ഷണങ്ങളുടെ ദൈർഘ്യം നാല് ദിവസമായി കുറച്ചു.
വില എത്ര വരും?
സിപ്ല ലിമിറ്റഡുമായി സഹകരിച്ചാണ് റോച്ചെ മരുന്ന് ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത്. സിപ്ലയുമായി കൂടിയാലോചിച്ച ശേഷം കോക്ടെയിലിന്റെ വിലയും മറ്റ് വിവരങ്ങളും പുറത്തുവിടുമെന്ന് റോച്ചെ ഫാർമ ഇന്ത്യ എം.ഡി വി. സിംപ്സൺ ഇമ്മാനുവേൽ പറഞ്ഞു.
എവിടെയെല്ലാം ഇത് ഉപയോഗത്തിലുണ്ട്?
യൂറോപ്യൻ യൂനിയനും യു.എസും ആന്‍റിബോഡി കോക്ടെയിലിന് അംഗീകാരം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.