ഹൈവേകളിലെ വേഗപരിധി ഉയര്‍ത്തുമെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ഒന്നില്‍കൂടുതല്‍ ലൈനുകളുള്ള ഹൈവേകളില്‍ 40 കിലോമീറ്റര്‍ വേഗ പരിധി ലംഘിക്കുന്നതിന് വാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. റോഡ് സുരക്ഷ സംബന്ധിച്ച വെര്‍ച്വല്‍ കോണ്‍ഫറന്‍സിലാണ് കേന്ദ്ര മന്ത്രി നയം വ്യക്തമാക്കിയത്.

ഹൈവേകളില്‍ വേഗപരിധി ഉയര്‍ത്തുന്നതിനെ അദ്ദേഹം പിന്തുണച്ചു. വാഹനങ്ങളുടെ വേഗപരിധി നിയന്ത്രിക്കുന്ന നിയമങ്ങള്‍ പുനര്‍നിര്‍മിക്കണം. എക്‌സ്പ്രസ് ഹൈവേകളും ഗ്രീന്‍ഫീല്‍ഡ് ഹൈവേകളും ഉള്‍പ്പെടെ പുതിയ റോഡുകള്‍ നിര്‍മ്മിക്കുക, ദേശീയപാതകളെ നാല് - ആറ് പാതകളായി വീതി കൂട്ടുക എന്നിവ കണക്കിലെടുത്ത് വേഗത മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ട് -ഗഡ്കരി പറഞ്ഞു.

ഇന്ത്യന്‍ റോഡുകളുടെ അവസ്ഥയെക്കുറിച്ചും വര്‍ധിച്ച അപകടങ്ങളെക്കുറിച്ചും ഗഡ്കരി വിശദമായി സംസാരിച്ചു. ഇന്ത്യയില്‍ റോഡ് അപകട നിരക്ക് ഉയരുന്നതിന് പിന്നില്‍ റോഡ് എന്‍ജിനീയറങ്ങിലെ അപാകതയാണ്. സംസ്ഥാനപാതകള്‍ വികസിപ്പിക്കാനും പരിപാലിക്കാനും സംസ്ഥാന സര്‍ക്കാറുകളെ കേന്ദ്രം സഹായിക്കുമെന്നും ഗഡ്കരി ഉറപ്പ് നല്‍കി.

ഇന്ത്യന്‍ റോഡുകളിലെ ശരാശരി വേഗതി ലോകത്തില്‍ ഏറ്റവും കുറവാണ്. അമേരിക്കയിലെ വിവിധ സര്‍വകലാശാലകളില്‍നിന്നുള്ള ഒരു പാനല്‍ രാജ്യത്തെ 154 നഗരങ്ങളെ അടിസ്ഥാനമാക്കി പഠനം നടത്തിയിരുന്നു. ഇതുപ്രകാരം രാജ്യത്തെ റോഡുകളിലെ ശരാശരി വേഗത 35 കിലോമീറ്ററാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.