അഹ്മദാബാദ് വിമാനപകടത്തിന് കാരണം പൈലറ്റ് എഞ്ചിൻ ഓഫാക്കിയതാണെന്ന ഇറ്റലിയുടെ റിപ്പോർട്ട് തള്ളി എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി). എയർ ഇന്ത്യ പൈലറ്റ് മനപൂർവം സൃഷ്ടിച്ച അപകടമാണെന്ന ഇറ്റാലിയൻ മീഡിയ റിപ്പോർട്ട് അടിസ്ഥാനരഹിതവും ഊഹാപോഹവുമാണെന്ന് പറഞ്ഞാണ് തള്ളിയത്.
സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും അനാവശ്യമായ ആശങ്കകൾക്കും കാരണമാകുമെന്നും എ.എ.ഐ.ബി പറഞ്ഞു. കൂടാതെ നിലവിലെ അന്വേഷണ റിപ്പോർട്ടിന്റെ ആധികാരിതയെ പ്രതികൂലമായി ബാധിക്കുമെന്നും എ.എ.ഐ.ബി കുറ്റപ്പെടുത്തി. ദുരന്തം സംബന്ധിച്ച് ഇന്ത്യൻ അധികൃതർ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
വിമാനത്തിന്റെ കമാൻഡർ ആയിരുന്ന സുമീത് സബർവാളിന് നേരെയാണ് റിപ്പോർട്ടുകൾ. ഇന്ധന സ്വിച്ച് പൈലറ്റ് മനപൂർവം ഓഫ് ചെയ്തതെന്നാണ് ഇറ്റാലിയൻ പത്രത്തിൽ പറയുന്നത്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായെന്നും ആരോപിച്ചിരുന്നു. നേരത്തെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നപ്പോഴും പിഴവ് പൈലറ്റിന്റേതെന്ന് എന്ന സൂചനയുണ്ടായിരുന്നു എന്നും ഇറ്റാലിയൻ പത്രത്തിൽ പറഞ്ഞിരുന്നു.
അതേസമയം 2025 ലെ എയർക്രാഫ്റ്റ് നിയമങ്ങളും വിമാന അപകട അന്വേഷണങ്ങൾക്കുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ നിയന്ത്രിക്കുന്ന ഐസിഎഒ അനുബന്ധം 13 പ്രകാരമുള്ള ഇന്ത്യയുടെ ബാധ്യതകളും അനുസരിച്ച് നടത്തുന്ന അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രഥമിക റിപ്പോർട്ട് പ്രകാരം വിമാനം പറന്നുയർന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയും സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയിൽ ഉണ്ടെന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചത്. വിമാനം പറന്നുയർന്ന് 32 സെക്കന്റുകൾ കൊണ്ട് അപകടം സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 15 പേജുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് ആയിരുന്നു എ.എ.ഐ.ബി സമർപ്പിച്ചിരുന്നത്.
ജൂണ്‍ 12-ന് അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. ബോയിങ് 787-8 ഡ്രീംലൈനര്‍ എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേരും കൊല്ലപ്പെട്ടു. നേരത്തെ സുമിത് സബർവാളാണ് ദുരന്തത്തിന് കാരണക്കാരൻ എന്ന പ്രചാരണം ശക്തമാകുന്നുവെന്നും അക്കാര്യം അന്തിമ റിപ്പോർട്ടാകുമോയെന്ന ആശങ്കയുണ്ടെന്നും അദ്ദേഹത്തിന്റെ പിതാവ് പുഷ്കരാജ് സബർവാൾ വ്യക്തമാക്കിയിരുന്നു. പൈലറ്റ് അസോസിയേഷനുകളും സുമിതിനെ കുടുക്കാൻ നീക്കം നടക്കുകയാണെന്ന് ആരോപണം ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.