പഞ്ചാബിലെ ലൗലി സർവകലാശാല കാമ്പസിൽ വിദ്യാർഥികൾ ആക്രമണം നടത്തിയപ്പോൾ

പഞ്ചാബിലെ ലൗലി സർവകലാശാല കാമ്പസിൽ ആക്രമണം അഴിച്ചുവിട്ട് വിദ്യാർഥികൾ; ജലന്ധർ-ഫഗ്വാര ഹൈവേ ഉപരോധിച്ചു

ചണ്ഡീഗഢ്: പഞ്ചാബിലെ ലൗലി പ്രഫഷണൽ യൂനിവേഴ്സിറ്റിയിൽ പുലർച്ചെ ആക്രമണം അഴിച്ചുവിട്ട് വിദ്യാർഥികൾ. പുറത്തുനിന്നുള്ള ഒരാൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. എന്നാൽ, വിദ്യാർഥിനി പീഡനത്തിന് ഇരയായിട്ടില്ലെന്നും വ്യാജവാർത്തയാണ് പ്രചരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

പെൺകുട്ടികളുടെ ഹോസ്റ്റലിന് സമീപമാണ് പ്രതിഷേധം ആരംഭിച്ചത്. തുടർന്ന് വിദ്യാർഥികൾ അക്രമം അഴിച്ചുവിടുകയും വസ്തുവകകൾ നശിപ്പിക്കുകയുമായിരുന്നു. ജനൽച്ചില്ലുകൾ തകർക്കുകയും ഇഷ്ടികകളും പൂച്ചട്ടികളും നശിപ്പിക്കുകയും ചെയ്തു. കാമ്പസിനുള്ളിലെ കെട്ടിടങ്ങളുടെ ചില ഭാഗങ്ങൾക്ക് തീയിട്ടതായി റിപ്പോർട്ട് ഉണ്ട്.

സർവകലാശാലയുടെ സുരക്ഷാ ജീവനക്കാർക്ക് സംഘർഷം തടയാൻ സാധിച്ചില്ല. ഇതോടെ സാഹചര്യം നിയന്ത്രണാതീതമായി. പ്രതിഷേധിച്ച വിദ്യാർഥികൾ ഗേറ്റുകളിലെത്തി കാമ്പസ് ബോർഡുകൾ തകർക്കുകയും ചെയ്തു. പിന്നീട് പുറത്തുകടന്നു. പുലർച്ചെ നാലു മണിയോടെ പ്രതിഷേധം ദേശീയ പാതയിലേക്ക് നീങ്ങി. ജലന്ധർ-ഫഗ്വാര ഹൈവേ ഉപരോധിച്ചു.

വിദ്യാർഥികൾ സമൂഹമാധ്യമങ്ങളിലൂടെ സംഘർഷത്തിന്റെ വീഡിയോകൾ പങ്കുവെക്കുകയും ലൗലി പ്രഫഷണൽ യൂനിവേഴ്സിറ്റി അധികൃതർക്കെതിരെ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. കാമ്പസിനുള്ളിൽ അക്രമം നിയന്തിക്കുന്നതിന്റെ ഭാഗമായി കപൂർത്തല പൊലീസ് വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. കപൂർത്തല എസ്.എസ്.പി ഗൗരവ് തൂറ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

‘ഒരു വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്ന സ്ഥിരീകരിക്കാത്ത സംഭവത്തെക്കുറിച്ചുള്ള ഒരു വ്യാജ സന്ദേശമാണ് ലൗലി പ്രഫഷണൽ യൂനിവേഴ്സിറ്റി അധികൃതർക്കെതിരെ വിദ്യാർഥികളിൽ പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതുവരെയും ഈ സംഭവത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. ഇതുവരെ പരാതിയൊന്നും കിട്ടിയിട്ടുമില്ല. വിദ്യാർഥികൾ യൂനിവേഴ്സിറ്റിയുടെ സ്വത്തുക്കൾക്ക് വലിയ നാശനഷ്ടം വരുത്തിയിട്ടുണ്ട്. അവർ ഇപ്പോൾ ദേശീയ പാത ഉപരോധിച്ചിരിക്കുകയാണ്. ഞാൻ സ്ഥലത്തുണ്ട്. ഞങ്ങൾ വിദ്യാർഥികളോട് സംസാരിക്കാനും അവരെ ശാന്തരാക്കാനും ശ്രമിക്കുന്നുണ്ട്. സാഹചര്യം നിയന്ത്രണവിധേയമായി തുടങ്ങി. കാര്യങ്ങൾ ഉടൻ തന്നെ പരിഹരിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’ -എസ്.എസ്.പി ഗൗരവ് തൂറ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.